പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം എന്നിവ സ്ട്രോക്ക് വരാനുള്ള പ്രധാന കാരണങ്ങളാണ്. അമിത രക്തസമ്മര്‍ദ്ദം ഉള്ളവരില്‍ സ്ട്രോക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അളവ് ഉള്ളവരിലും സ്ട്രോക്ക് ഉണ്ടാകാം. ഹാര്‍ട്ട് അറ്റാക്ക് വന്നവരില്‍, ഹൃദയ വാല്‍വ് സംബന്ധമായ തകരാറുകള്‍ ഉള്ളവരില്‍, ഹൃദയമിടിപ്പ് ക്രമം അല്ലാത്തവര്‍, ഇവരിലൊക്കെ സ്‌ട്രോക്കിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് കൂടാതെ കുടുംബപരമായി സ്ട്രോക്ക് വരുന്നവരിലും രക്തം കട്ട പിടിക്കുന്നതില്‍ അപാകത ഉണ്ടാകുന്ന രോഗങ്ങള്‍ ഉള്ളവരിലും സ്ട്രോക്ക് ചെറുപ്പകാലത്തെ ഉണ്ടാകാം.
സ്ട്രോക്ക് പ്രതിരോധത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് സമയമാണ്. നഷ്ടപ്പെടുന്ന ഓരോ നിമിഷവും തിരിച്ചുപിടിക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് രക്ഷിക്കാന്‍ കഴിയുന്നത് ഒരു ജീവനാണ്. സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ നമ്മള്‍ തിരിച്ചറിയാന്‍ വൈകുന്നതാണ് പലപ്പോഴും ചികിത്സ വൈകിപ്പിക്കുന്നത്. എത്രയും നേരത്തെ ചികിത്സ ആരംഭിച്ചാല്‍ തലച്ചോറിനുണ്ടാകുന്ന തകരാറു കഴിയുന്നത്ര കുറയ്ക്കാന്‍ സാധിക്കും.
എങ്ങനെ തിരിച്ചറിയാം?
ശരീരത്തിന്റെ ഒരു വശത്ത് പെട്ടെന്നുണ്ടാകുന്ന ബലക്ഷയം, മുഖത്ത് കോട്ടം, സംസാരിക്കാനും ഗ്രഹിക്കാനുമുള്ള ബുദ്ധിമുട്ട്, മരവിപ്പ്, ശരീരത്തിന്റെ അസന്തുലിതാവസ്ഥ, കാഴ്ചശക്തി കുറയുക, അവ്യക്തത എന്നിവയിലേതെങ്കിലും അനുഭവപ്പെടുകയാണെങ്കില്‍ അതും സ്ട്രോക്കിന്റെ ലക്ഷണങ്ങളാണ്. സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോഴേ രോഗി ചികിത്സയ്ക്ക് വിധേയനാകണം. രക്തം കട്ടപിടിച്ചുണ്ടാകുന്ന സ്ട്രോക്കുകളില്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി നാലര മണിക്കൂറിനുള്ളില്‍ തന്നെ രക്തം കട്ട പിടിച്ചത് മാറ്റാനുള്ള മരുന്ന് നല്‍കേണ്ടതാണ്. ഈ ചികിത്സയാല്‍ സ്ട്രോക്ക് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഗണ്യമായ കുറവ് ഉണ്ടാകും.
ബന്ധപ്പെട്ട വാർത്തകൾ: മരുന്ന് കൂടാതെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള ടിപ്പുകൾ
ചികിത്സ വൈകുവാനുള്ള മറ്റൊരു കാരണം തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ വളരെ കുറവായിരിക്കും. സിടി സ്‌കാനില്‍ സ്‌ട്രോക്കിന്റെ വ്യതിയാനങ്ങള്‍ വരാന്‍ ചിലപ്പോള്‍ ആറു മുതല്‍ ഇരുപതിനാല് മണിക്കൂര്‍ വരെ എടുക്കാം. സിടി സ്‌കാന്‍ വിശദമായി പരിശോധിക്കുകയോ ഇല്ലെങ്കില്‍ എം ആര്‍ ഐ സ്‌കാനില്‍ മാത്രമേ ആദ്യ മണിക്കൂറുകളില്‍ സ്‌ട്രോക്കിന്റെ വ്യത്യാനങ്ങളും മനസിലാക്കുവാന്‍ സാധിക്കുകയുള്ളു. കാര്യമായ രോഗലക്ഷങ്ങള്‍ ഇല്ലാത്തതിനാലും സിടി സ്‌കാന്‍ നോര്‍മല്‍ ആയതിനാലും ചിലപ്പോള്‍ ചികിത്സ വൈകാറുണ്ട്. ഇത്തരക്കാരില്‍ ചിലപ്പോള്‍ 2 - 3 മണിക്കൂര്‍ കഴിയുമ്പോള്‍ പൂര്‍ണ്ണമായി സ്ട്രോക്ക് വരുകയും ത്രോമ്പോലിസിസ് ചികിത്സയ്ക്കുള്ള സമയ പരിധി കഴിഞ്ഞു പോകുകയും ചെയ്യാറുണ്ട്.
ചില രോഗികളില്‍ സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ വന്നു ഒരു മണിക്കൂറിനുള്ളില്‍ തന്നെ അത് പൂര്‍ണമായി മാറുകയും ചെയ്യും. ഇതിനെ ടി ഐ എ അഥവാ ട്രാന്‍സിയന്റ് ഇഷിമിക് അറ്റാക്ക് എന്ന് പറയുന്നു. പൂര്‍ണ്ണമായി ഭേദമായതിനാല്‍ ചിലപ്പോള്‍ രോഗി ചികിസ തേടാറില്ല. എന്നാല്‍ ഇത്തരത്തില്‍ വരുന്ന ടി ഐ എ ഭാവിയില്‍ സ്ട്രോക്ക് വരുന്നതിനുള്ള ഒരു അപായ സൂചനയാണ്. അതിനാല്‍ ലക്ഷണങ്ങള്‍ ഭേദമായാലും ഉടനെ തന്നെ ഒരു ന്യൂറോളജിസ്റ്റിനെ കണ്ട് വേണ്ടുന്ന ചികിത്സ തേടേണ്ടതാണ്.
സ്ട്രോക്ക് വരാതെ നോക്കാം
എപ്പോഴും രോഗം വന്നു ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതാണ് അത് വരാതെ നോക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും, പ്രമേഹവും, ഉയര്‍ന്ന കൊളസ്‌ട്രോളും കൃത്യമായി മരുന്ന് കഴിച്ച് നിയന്ത്രിക്കേണ്ടതാണ്. കൂടാതെ രക്തം കട്ടപിടിക്കാതിരിക്കുവാനുള്ള മരുന്നുകള്‍ കൃത്യമായി ഡോക്ടറുടെ നിര്‍ദ്ദേശപ്രകരം മുടങ്ങാതെ കഴിക്കുന്നതിലൂടെ സ്ട്രോക്കിനെ അതിജീവിക്കാനാവും.
ശരീരഭാരം കൂടാതെ നോക്കുകയും കൃത്യ സമയത്തു തന്നെ സമീകൃതമായ ആഹാരം കഴിക്കുകയും അതില്‍ കൂടുതല്‍ പഴങ്ങളും, പച്ചക്കറികളും ഉള്‍പെടുത്താന്‍ ശ്രമിക്കേണ്ടതുമാണ്. പുകവലി പൂര്‍ണ്ണമായി ഒഴിവാക്കുകയും, മദ്യപാനം നിയന്ത്രിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഒരിക്കല്‍ ടി ഐ എ വന്ന രോഗികള്‍ ന്യൂറോളജിസ്റ്റിനെ കാണുകയും ഭാവിയില്‍ സ്ട്രോക്ക് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതുമാണ്. തലച്ചോറിലേക്കുള്ള രക്തധമനികളുടെ ഡോപ്ലര്‍ സ്‌കാന്‍ ചെയ്യുന്നതിലൂടെ അതില്‍ അടവുകള്‍ ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. അപ്രകാരം അടവുകള്‍ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ ചെയ്യേണ്ടതാണ്.
കടപ്പാട്: ഡോ. സുശാന്ത് എം.ജെ.; കണ്‍സള്‍ട്ടന്റ്; ന്യൂറോളജിസ്റ്റ്; എസ്.യു.ടി. ആശുപത്രി പട്ടം, തിരുവനന്തപുരം
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments