 
            ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഒരു ഭക്ഷണ പദാർത്ഥമാണ് പാൽ. ശരീരത്തിന് ആവശ്യമായ ഊർജ്ജം പാലിൽ നിന്ന് ലഭിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന കാൽസ്യം എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനും ഉത്തമമാണ്. എന്നാൽ പാൽ കുടിച്ചാൽ ശരീരഭാരം വർദ്ധിക്കുമോ എന്ന സംശയം ചിലരെയെങ്കിലും അലട്ടാറുണ്ട്.
ഡയറ്റിംഗ് ചെയ്യുന്നവർക്ക് ഭക്ഷണ പാനീയങ്ങളുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങളുണ്ടാകാം. അതിൽ ഏറ്റവും സാധാരണമായത് പാൽ കുടിക്കുന്നതിനെ കുറിച്ചാണ്. പാൽ ആരോഗ്യകരമാണ്, അതിൽ യാതൊരു സംശയവുമില്ല. എന്നാൽ അതിൽ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ശരീരഭാരം കൂടുന്നതുമായി ബന്ധപ്പെട്ട ഒരു മാക്രോ ന്യൂട്രിയന്റ് ആണ് കൊഴുപ്പ് എന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയുമാണ്. അതിനാൽ, ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ നിങ്ങൾ പാൽ കുടിക്കുന്നത് ഒഴിവാക്കണമോ? ഇക്കാരണത്താൽ പാൽ വർജ്ജിക്കുന്നവരുമുണ്ട്. ഇതേ കുറിച്ച് വിശദമായി നോക്കാം.
പാലിൽ പൂരിത കൊഴുപ്പും ഉയർന്ന കലോറിയും അടങ്ങിയിട്ടുണ്ട്, ശരീരഭാരം കുറയ്ക്കുമ്പോൾ അവഗണിക്കേണ്ട രണ്ട് ഘടകങ്ങളാണിവ. 250 മില്ലി പാലിൽ (1 കപ്പ്) ഏകദേശം 5 ഗ്രാം കൊഴുപ്പും 152 കലോറിയും അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ഡയറ്റിങ് ചെയ്യുന്നവർക്ക് ഒരു ദിവസം പരിമിതമായ കലോറി മാത്രമേ കഴിക്കാവൂ.
പാൽ കുടിച്ചാൽ ശരീരഭാരം കൂടുമോ?
ഈ ചോദ്യത്തിനുള്ള ലളിതമായ ഉത്തരം ഇല്ല എന്നതാണ്. പാലിന് ശരീരഭാരം വർദ്ധിപ്പിക്കാൻ കഴിയില്ല, വാസ്തവത്തിൽ, ഭാരം കുറയ്ക്കാൻ ഇത് നിങ്ങളെ സഹായിക്കും. പാൽ ആരോഗ്യകരവും ഉയർന്ന നിലവാരമുള്ള പ്രോട്ടീന്റെ ഉറവിടവുമാണ്, പേശികളുടെ നിർമ്മാണത്തിനും പേശികളുടെ വളർച്ചയ്ക്കും ആവശ്യമായ പോഷകമാണ് പ്രോട്ടീൻ. സിങ്ക്, മഗ്നീഷ്യം, കാൽസ്യം, വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി തുടങ്ങിയ പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ നിങ്ങളുടെ എല്ലുകളെ ശക്തിപ്പെടുത്താനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഉപാപചയം വർദ്ധിപ്പിക്കാനും സഹായിക്കും. 250 മില്ലി പാലിൽ 8 ഗ്രാം പ്രോട്ടീനും 125 മില്ലിഗ്രാം കാൽസ്യവും അടങ്ങിയിട്ടുണ്ട്. അതിനാൽ, നിങ്ങൾ ഡയറ്റിൽ ആണെങ്കിലും ദിവസവും പരിമിതമായ അളവിൽ പാൽ കുടിക്കുന്നത് ദോഷകരമല്ല.
കുറഞ്ഞ കലോറി ഭക്ഷണക്രമം പിന്തുടരുന്ന ആളുകളിൽ ദിവസവും മൂന്ന് തവണ പാലുൽപ്പന്നങ്ങൾ കഴിക്കുന്നവരിൽ പാലുൽപ്പന്നങ്ങൾ ഒഴിവാക്കുന്നവരേക്കാൾ കൂടുതൽ ശരീരഭാരം കുറയുന്നു എന്ന് പഠനം തെളിയിക്കുന്നു. പാലുൽപ്പന്നങ്ങൾ കൂടുതലുള്ള ഭക്ഷണക്രമം പിന്തുടരുന്ന ആളുകൾക്ക് ശരീരഭാരം കുറച്ച് അവരുടെ ഭാരം നന്നായി നിയന്ത്രിക്കാൻ കഴിയുമെന്നും അവർക്ക് അരക്കെട്ടിന്റെ വണ്ണം കുറവാണെന്നും മറ്റ് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ, കാൽസ്യം അമിതവണ്ണം, മെറ്റബോളിക് സിൻഡ്രോം, ടൈപ്പ് -2 പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും.
നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ നിങ്ങളുടെ ഭക്ഷണക്രമത്തിൽ നിന്ന് പാലും പാൽ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങളും കുറയ്ക്കേണ്ടതില്ല. സമീകൃതാഹാരത്തിന്റെ അവിഭാജ്യ ഘടകമാണ് പാൽ, ദിവസവും ഒരു കപ്പ് പാൽ അല്ലെങ്കിൽ 250 മില്ലി പാൽ കുടിക്കുന്നത് നിങ്ങളെ ഊർജ്ജസ്വലമായി നിലനിർത്താൻ സഹായിക്കും. നിങ്ങളുടെ വ്യായാമത്തിന് ശേഷം പ്രോട്ടീൻ ഷേക്ക് കഴിക്കുകയാണെങ്കിൽ, അതിൽ പാൽ ചേർക്കുക. നിങ്ങൾക്ക് ലാക്ടോസ് അസഹിഷ്ണുത ഉണ്ടെങ്കിൽ മാത്രം, നിങ്ങൾ പാൽ ഒഴിവാക്കണം. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്ക് സോയ പാൽ, നട്ട് മിൽക്ക് പോലുള്ള സസ്യാധിഷ്ഠിത പാൽ ഉൽപന്നങ്ങൾ കഴിക്കാം.
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments