ഹൃദയം, കരൾ എന്നിവ പോലെ തന്നെ നമ്മുടെ ശരീരത്തിലെ മറ്റൊരു പ്രധാന അവയവമാണ് വൃക്കകൾ. ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുക എന്നതാണ് വൃക്കകളുടെ പ്രധാന ധർമ്മം. ദീർഘകാലമായുള്ള ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം എന്നിവ വൃക്കകാലേ തകരാറിലാക്കുന്നു. മൂത്രത്തിന്‍റെ അളവ് കൂടുകയോ കുറയുകയോ ചെയ്യുക, മൂത്രത്തിന് കടുത്ത നിറം ഉണ്ടാവുക എന്നിവയെല്ലാം വൃക്കകൾ തകരാറിലാണെന്ന് സൂചിപ്പിക്കുന്നു. വൃക്കരോഗികൾ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്.
ഇവർ ഒരു ദിവസം ഉപയോഗിക്കുന്ന സോഡിയത്തിന്റെയും പൊട്ടാസ്യത്തിന്റെയും അളവ് 2000 മില്ലിഗ്രാമിലും കുറവായിരിക്കണം. ഫോസ്ഫറസിന്റെ അളവ് 1000 മില്ലിഗ്രാമിലും കുറവും ആയിരിക്കണം. പ്രോട്ടീന്റെ അളവും കുറയ്ക്കണം. വൃക്കരോഗികൾ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹം കാലുകളെ ബാധിക്കുന്നത് എങ്ങനെയെന്നറിയാം
- അവോക്കാഡോ: നാരുകൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങി പല പോഷകങ്ങളും അവോക്കാഡോയിൽ അടങ്ങിയിട്ടുണ്ടെങ്കിലും ഇതിൽ പൊട്ടാസിയം ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് വൃക്കരോഗമുള്ളവർ നിർബന്ധമായും ഒഴിവാക്കണമെന്നാണ് പഠനങ്ങൾ പറയുന്നത്.
- കോളകൾ: ഇരുണ്ടനിറത്തിലുള്ള കോളകളിൽ കാലറിയും ഷുഗറും മാത്രമല്ല, ഫോസ്ഫറസ് അടങ്ങിയ അഡിറ്റീവ്സും (additives) ഉണ്ട്. നിറം മാറാതിരിക്കാനും ദീർഘകാലം കേടുകൂടാതിരിക്കാനും രുചി കൂട്ടാനും പ്രോസസിങ്ങ് സമയത്ത് ഈ പാനീയങ്ങളിൽ നിർമ്മാതാക്കള്‍ ഫോസ്ഫറസ് ചേർക്കാറുണ്ട്. 200 ml കോളയിൽ 50 മുതല്‍ 100 വരെ മില്ലിഗ്രാം അഡിറ്റീവ് ഫോസ്ഫറസ് ഉണ്ട്. അതുകൊണ്ട് വൃക്കരോഗികൾ കോള ഒഴിവാക്കുക.
- ഉരുളകിഴങ്ങ്: ഉരുളക്കിഴങ്ങിലും ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ചെറിയ കഷണങ്ങളായി മുറിച്ച് തിളച്ച വെള്ളത്തിൽ 10 മിനിറ്റ് ഇട്ടുവയ്ക്കുന്നത് പൊട്ടാസ്യത്തിന്റെ അളവ് 50 ശതമാനത്തോളം കുറയ്ക്കും. വേവിക്കുന്നതിന് നാലു മണിക്കൂർ മുൻപെ വെള്ളത്തിലിട്ടു വച്ചിരുന്നാലും പൊട്ടാസ്യത്തിന്റെ അളവ് കുറയും. എങ്കിലും പൊട്ടാസ്യം പൂർണമായി നീക്കം ചെയ്യപ്പെടുന്നില്ല.
- പാലുൽപ്പന്നങ്ങളിൽ ഫോസ്ഫറസ്, പൊട്ടാസ്യം, പ്രോട്ടീൻ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഒരു കപ്പ് പാലിൽ 222 മി.ഗ്രാം ഫോസ്ഫറസും 349 മി.ഗ്രാം പൊട്ടാസ്യവും ഉണ്ട്. സാധാരണ എല്ലുകൾക്ക് ശക്തി നൽകുന്ന പാൽ, വൃക്കരോഗികളിലാകട്ടെ ദോഷകരമാകും. വൃക്ക തകരാറിലാകുമ്പോൾ ഫോസ്ഫറസിന്റെ അളവ് കൂടിയാൽ ഇത് രക്തത്തിൽ അടിഞ്ഞുകൂടും. ഇത് എല്ലുകളുടെ കനം കുറയ്ക്കുകയും ശക്തി കുറയ്ക്കുകയും ചെയ്യും.
- ഓറഞ്ചിലും ഓറഞ്ച് ജ്യൂസിലും പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. 184 ഗ്രാം ഓറഞ്ചിൽ 333 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഒരു കപ്പ് ഓറഞ്ച് ജ്യൂസിൽ 473 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.
Share your comments