ശരീരത്തിൻറെ ശരിയായ പ്രവർത്തനത്തിന് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ വെള്ളം അമിതമായാലോ? നമ്മൾ കുടിയ്ക്കുന്ന അധിക വെള്ളം ശരീരത്തിൽ നിന്ന് പുറം തള്ളാൻ കഴിയാത്ത അവസ്ഥയുണ്ടാകും. ഇത് ഗുരുതരമായ പല ആരോഗ്യ അവസ്ഥകൾക്ക് വഴിവെയ്ക്കുമെന്നാണ് വിദഗ്ദർ പറയുന്നത്. അമിതമായി വെള്ളം അകത്തു ചെന്നാൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് നോക്കാം:
ശരീരത്തിൽ കൂടുതലായി വരുന്ന വെള്ളം പുറന്തള്ളാൻ കിഡ്നി സദാ സമയവും ജാഗ്രത പുലർത്താറുണ്ട്. എന്നാൽ ഏതെങ്കിലും തരത്തിലുള്ള അനാരോഗ്യാവസ്ഥയുള്ള കിഡ്നി ആണെങ്കിൽ അമിതമായി ശരീരത്തിലെത്തുന്ന വെള്ളം പുറത്തേക്ക് കളയാൻ കഴിയാത്ത അവസ്ഥയുണ്ടാകും. ഈ അവസ്ഥയിൽ അമിതമായി വെള്ളം കുടിച്ചുകൊണ്ടിരിക്കുന്നത് ശരീരത്തിൻറെ പല ഭാഗങ്ങളിൽ വെള്ളം കെട്ടിനിൽക്കാനും കാരണമാകുകയും കൂടുതൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യും.
അമിതമായി വെള്ളം കുടിയ്ക്കുന്നതിന് കാരണം പ്രത്യേകതരം മാനസികാവസ്ഥയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സൈക്കോജെനിക് പോളിഡിപ്സിയ എന്നാണ് ഈ മാനസികാവസ്ഥ അറിയപ്പെടുന്നത്. ശരീരത്തിൽ ജലാംശം അമിതമാകുന്നതിനാൽ ശരീരത്തിൻറെ തുലനാവസ്ഥ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകാറുണ്ട്, ചിലരിൽ അമിതമായ ആശങ്ക, അകാരണമായ അസ്വസ്ഥത, ചർദ്ദി പോലുള്ള പ്രശ്നങ്ങളും ഉണ്ടാകും.
അമിതമായ ജലാംശം കാരണം രക്തത്തിലെ ഉപ്പിൻറെ അളവ് ക്രമാതീതമായി കുറയുന്ന അവസ്ഥായാണ് ഹൈപ്പൊനാട്രെമിയ. ഇത് തലകറക്കം പോലുള്ള പല തരം അസ്വസ്ഥതകൾ സൃഷ്ടിക്കും. വൃക്ക, കരൾ, ഹൃദയം, പിറ്റ്യൂട്ടറി ഗ്രന്ഥി എന്നിവയുടെ പ്രവർത്തനങ്ങളിലെ തകരാറുകൾ കാരണവും ശരീരത്തിൽ അമിതമായ അളവിൽ വെള്ളം നിലനിൽക്കാൻ കാരണമാകും.
ശരീരത്തിൽ വെള്ളത്തിൻറെ അളവ് കുറയുന്നതിനെക്കാൾ രൂക്ഷമാണ് അമിതമായി ശരീരത്തിൽ ജലാംശം നിലനിൽക്കുന്ന അവസ്ഥ.
ശരീരത്തിൻറെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കണമെങ്കിൽ അമിത ജലാംശം, നിർജ്ജലീകരണം എന്നീ രണ്ട് അവസ്ഥകളും ഉണ്ടാകാൻ പാടില്ല. ഇവയ്ക്കിടയിലുള്ള ആരോഗ്യകരമായ ജലാംശം നിലനിർത്താൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം:
> ചെറിയ അളവ് വെള്ളം ഇടയ്ക്കിടെ കുടിയ്ക്കാം. ഒരുപാട് സമയം വെള്ളം കുടിയ്ക്കാതിരിക്കുകയും പിന്നീട് ഒരു വലിയ അളവ് വെള്ളം ഒരുമിച്ച് കുടിയ്ക്കുന്നത് തികച്ചും അനാരോഗ്യകരമായ പ്രവണതയാണ്.
> ജലാംശം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കാം. കുക്കുംബർ, തക്കാളി, സ്ട്രോബറി, തണ്ണിമത്തൻ എന്നിവ ഉൾപ്പെടുത്താം.
> ഉപ്പിൻറെ ഉപയോഗം പരമാവധി കുറയ്ക്കാം
> സോഡിയം, മഗ്നീഷ്യം, പൊട്ടാസ്യം, ക്ലോറിൻ എന്നിവ കൂടുതലടങ്ങിയ പഴങ്ങളും പച്ചക്കറികളും പതിവായി കഴിക്കാൻ ശ്രദ്ധിക്കണം.
Share your comments