1. Livestock & Aqua

ആഫ്രിക്കൻ പന്നിപ്പനി: കർഷകർ അറിയേണ്ടത്

കർഷകരെ സംബന്ധിച്ചിടത്തോളം കനത്ത സാമ്പത്തിക നഷ്ടം വരുത്തി വയ്ക്കുന്ന, ലോകമെമ്പാടുമുള്ള പന്നി കർഷകരുടെ പേടിസ്വപ്നമായ ആഫ്രിക്കൻ പന്നിപ്പനി (African Swine Fever) കഴിഞ്ഞ രണ്ടു വർഷമായി ഇന്ത്യയിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പന്നിഫാമുകളിൽ കണ്ടു വരാറുള്ളതും പ്രതിരോധ കുത്തിവെയ്പ് ലഭ്യമായതുമായ 'ക്ലാസിക്കൽ പന്നിപ്പനി'യെന്ന രോഗത്തിൽ നിന്നും വ്യത്യസ്തമാണ് ഈ രോഗമെന്നതും ഓർക്കുക. അസ്സമിൽ നിന്നായിരുന്നു ഇന്ത്യയിൽ ആദ്യമായി ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

Dr. Sabin George PhD
അസ്സമിൽ നിന്നായിരുന്നു ഇന്ത്യയിൽ ആദ്യമായി ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടത്
അസ്സമിൽ നിന്നായിരുന്നു ഇന്ത്യയിൽ ആദ്യമായി ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടത്

കർഷകരെ സംബന്ധിച്ചിടത്തോളം കനത്ത സാമ്പത്തിക നഷ്ടം വരുത്തി വയ്ക്കുന്ന,  ലോകമെമ്പാടുമുള്ള പന്നി കർഷകരുടെ പേടിസ്വപ്നമായ ആഫ്രിക്കൻ പന്നിപ്പനി (African Swine Fever) കഴിഞ്ഞ രണ്ടു വർഷമായി ഇന്ത്യയിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.  പന്നിഫാമുകളിൽ കണ്ടു വരാറുള്ളതും പ്രതിരോധ കുത്തിവെയ്പ് ലഭ്യമായതുമായ 'ക്ലാസിക്കൽ പന്നിപ്പനി'യെന്ന രോഗത്തിൽ നിന്നും വ്യത്യസ്തമാണ് ഈ രോഗമെന്നതും ഓർക്കുക. അസ്സമിൽ നിന്നായിരുന്നു ഇന്ത്യയിൽ ആദ്യമായി ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ലോകത്തിൻ്റെ പലഭാഗങ്ങളിലും സ്ഥിരമായി  ആഫ്രിക്കൻ സ്വൈൻ ഫീവർ (AFS ) റിപ്പോർട്ട് ചെയ്യപ്പെടാറുണ്ടെങ്കിലും 2019 സെപ്റ്റംബറിൽ ചൈനയിൽ വലിയ തോതിലുള്ള രോഗബാധ ഉണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ പന്നിയിറച്ചി ഉത്പാദകനും ഉപഭോക്താവുമാണ് ചൈന.ചൈനയ്ക്കു പുറമേ  മംഗോളിയ, വിയറ്റ്നാം, കംമ്പോഡിയ, മ്യാൻമാർ, ഫിലിപ്പൈൻസ്, കൊറിയ, ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും രോഗബാധയുണ്ടായി. ചൈനയിൽ 2018 ആഗസ്റ്റിലാണ് രോഗബാധ ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്.തുടർന്ന് രോഗവ്യാപനം തടയാനായി ഏകദേശം 10 ലക്ഷത്തോളം പന്നികളെ കൊന്നുകളയുകയായിരുന്നു. 2019 ഫെബ്രുവരിയിൽ രോഗബാധ നേരിട്ട വിയറ്റ്നാമിൽ രോഗപ്പകർച്ച തടയാൻ കൊല്ലേണ്ടി വന്നതും ലക്ഷക്കണക്കിന് പന്നികളെയാണ്. ടിബറ്റ് വഴി അരുണാചൽ പ്രദേശ് കടന്നാണ് രോഗം അസ്സമിലെത്തിയതെന്ന് സംശയിക്കപ്പെട്ടിരുന്നു. 

ബന്ധപ്പെട്ട വാർത്തകൾ: പന്നികളിൽ പ്രതിരോധ കുത്തിവെപ്പ് എപ്രകാരം?

ഇന്ത്യയിൽ ഏറ്റവുമധികം പന്നികളുള്ള സംസ്ഥാനമാണ് അസ്സം. കാട്ടുപന്നികളിലും ഈ രോഗം വരാമെന്നതിനാൽ അസ്സമിലെ രോഗബാധയുടെ ഉറവിടം കൃത്യമായി അന്ന്  മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല. പന്നികൾ ചത്തു തുടങ്ങിയ സമയത്തു തന്നെ പന്നികളെ അറക്കുന്നതും, പോർക്ക് വിൽക്കുന്നതും അസ്സം സർക്കാർ നിരോധിച്ചിരുന്നു. പിന്നീടാണ് രോഗബാധ സ്ഥിരീകരണം വന്നത്. അരുണാചൽ പ്രദേശിലെ രണ്ടു ജില്ലകളിലും ASF രോഗം സ്ഥിരീകരിച്ചിരുന്നു. 2019 - ൽ. അയിരത്തോളം പന്നികളാണ്  ചത്തതെന്നായിരുന്നു ഔദ്യോഗിക വിവരം.ലോക ജന്തുരോഗ സംഘടനയുടെ കണക്കനുസരിച്ച് 2018, 2019 വർഷങ്ങളിൽ യൂറോപ്പിലെ 3 രാജ്യങ്ങളിലും ആഫ്രിക്കയിലെ 23 രാജ്യങ്ങളിലും രോഗബാധയുണ്ടായിട്ടുണ്ടായിരുന്നു.വളർത്തു പന്നികളിലും, കാട്ടുപന്നികളിലും കണ്ടു വരുന്ന അതിതീവ്രമായ വൈറൽ പനിയാണിത്.നൂറു ശതമാനവും മരണമുറപ്പാക്കാവുന്ന ഈ രോഗം നേരിട്ടോ അല്ലാതെയോ ഉള്ള വഴികളിലൂടെ പകരുന്നു. പന്നികളുടെ പെട്ടെന്നുള്ള മരണമാണ് പ്രധാന ലക്ഷണം. കഠിനമായ പനി, തീറ്റയെടുക്കാതിരിക്കൽ, തൊലിപ്പുറത്ത് രക്തസ്രാവം, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകാം. മരണ നിരക്കിൽ മുന്നിലാണെങ്കിലും കുളമ്പുരോഗം പോലുള്ള അസുഖങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പകർച്ചാ നിരക്ക് കുറവാണ്. നിലവിൽ അംഗീകരിക്കപ്പെട്ട വാക്സിനുകൾ ഇല്ലാത്തതിനാൽ, രോഗബാധയുള്ളവയെ കൊന്നുകളയുന്നതാണ് രോഗപ്രതിരോധ രീതി. വ്യാപകമായി പന്നിവളർത്തലുള്ള രാജ്യങ്ങളിൽ കപ്പലുകൾ, വിമാനം, വ്യക്തികൾ എന്നിവ വഴി കൊണ്ടുവരുന്ന മാംസമാണ് രോഗബാധയുടെ പ്രധാന ഉറവിടം.1957-ൽ പശ്ചിമ ആഫ്രിക്കയിൽ നിന്ന് പോർച്ചുഗലിൽ എത്തിപ്പെട്ടതോടെയാണ് AFS വൈറസ് യൂറോപ്പിലുമെത്തുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: പന്നി വളർത്തൽ കർഷകർക്ക് 95% സബ്‌സിഡി; സ്ത്രീകൾക്ക് മുൻഗണന, അറിയാം വിശദ വിവരങ്ങൾ

ആഫ്രിക്കൻ പന്നിപ്പനിയും ക്ലാസിക്കൽ പന്നിപ്പനിയും

സമാനമായ ലക്ഷണങ്ങളുള്ള എന്നാൽ വ്യത്യസ്തരായ  വൈറസുകൾ ഉണ്ടാക്കുന്ന പന്നികളിലെ രണ്ടു രോഗങ്ങളാണിവ. ലാബോറട്ടറി പരിശോധന വഴിയാണ് ഏതു വൈറസെന്ന് സ്ഥിരീകരിക്കാനാവുക. ഇന്ത്യയിൽ  ,കേരളത്തിലും പന്നിപ്പനിയെന്നു പറഞ്ഞു വിളിച്ചിരുന്ന പന്നികളുടെ അസുഖം 'ക്ലാസിക്കൽ സ്വൈൻ ഫീവർ (Classical Swine Fever) ആയിരുന്നു.ഇതിനെതിരെയുള്ള പ്രതിരോധ വാക്സിനുകൾ ലഭ്യമാണ്. നമ്മുടെ കർഷകർ ഇത് പന്നികൾക്ക് നൽകുകയും ചെയ്യാറുണ്ട്. ക്ലാസിക്കൽ പന്നിപ്പനിക്കെതിരെയുള്ള വാക്സിൻ തിരു വനന്തപുരം പാലോടുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കൽസിൽ ഉത്പാദിപ്പിച്ച് സർക്കാർ മൃഗാശുപത്രികൾ വഴി നൽകിവരുന്നു.

മനുഷ്യനിലെ പന്നിപ്പനി

H1N1 വൈറസ് മൂലം മനുഷ്യരിലുണ്ടാകുന്ന ഇൻഫ്ളുവൻസയെ നമ്മൾ പന്നിപ്പനിയെന്നാണ് വിളിക്കുന്നത്. ഈ ജന്തു ജന്യ രോഗമുണ്ടാക്കുന്ന വൈറസ്  തുടക്കത്തിൽ പന്നിയിൽ നിന്നാണ് വന്നതെന്ന കാരണത്താലാണിത്. ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ്. മനുഷ്യരിലെ H1N1-ന് മേൽ പറഞ്ഞ പന്നിപ്പനികളുമായി ബന്ധമില്ലായെന്നും ഓർക്കുക

ബന്ധപ്പെട്ട വാർത്തകൾ: കന്നുകാലി, പന്നി ഫാമുകളിൽ നിന്നുള്ള ദുര്‍ഗന്ധമകറ്റാൻ ഡീവാട്ടറിങ് മെഷീന്‍

കരുതൽ എങ്ങനെ?

ഏകദേശം ഒരു ലക്ഷത്തോളം വളർത്തു പന്നികൾ കേരളത്തിലുണ്ട്. ഇന്ത്യയിൽ ASF രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിൽ കേരളത്തിലെ പന്നിഫാമുകളും കർഷകരും അൽപം ശ്രദ്ധിക്കുന്നത് നന്നായിരികും.അശ്രദ്ധയിൽ നിന്നാണ് അപകടങ്ങൾ വരാൻ സാധ്യതയുള്ളത്. പ്രതിരോധ വാക്സിനില്ലാത്ത ഈ രോഗത്തിൻ്റെ വൈറസിന് അന്തരീക്ഷത്തിലും, രോഗം ബാധിച്ച പന്നിയുടെ മാംസത്തിലും ഉൽപന്നങ്ങളിലും ദീർഘസമയം നിലനിൽക്കാൻ കഴിയും. പന്നികൾ, പോർക്ക് എന്നിവയുടെ സംസ്ഥാനങ്ങൾ കടന്നുള്ള വരവാണ് മുഖ്യ ഭീഷണിയാവുക.

കർഷകർ ശ്രദ്ധിക്കേണ്ടത്

ജൈവ സുരക്ഷാ മാർഗങ്ങൾ കർശനമായി പിൻതുടരുക മാത്രം ചെയ്താൽ മതി. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പന്നി, പന്നിക്കുഞ്ഞുങ്ങൾ, പോർക്ക്, തീറ്റ ,വാഹനങ്ങൾ, മറ്റുള്ള സാധനസാമഗ്രികൾ എന്നിവ ഫാമിലേക്ക് കടത്തുന്നത് ഒഴിവാക്കണം. ഭക്ഷണ, ഹോട്ടൽ, ചിക്കൻ അവശിഷ്ടങ്ങൾ തീറ്റയായി നൽകുന്നത് വേവിച്ചാവുന്നതാവും നല്ലത്.രോഗത്തേക്കുറിച്ച് അറിയുക, കരുതൽ നടപടികൾ മനസിലാക്കി നടപ്പിലാക്കുക എന്നതാണ് മുഖ്യം. വെറ്ററിനറി ഡോക്ടറുടെ ഉപദേശപ്രകാരം ആരോഗ്യ കാര്യങ്ങൾ ക്രമപ്പെടുത്തുന്നതാണ് നല്ലത്.

ബന്ധപ്പെട്ട വാർത്തകൾ: പന്നികളെ എങ്ങനെ വളർത്താം, വിദഗ്ദ്ധരിൽ നിന്ന് പഠിക്കാം

English Summary: African swine flu: What farmers need to know

Like this article?

Hey! I am Dr. Sabin George PhD. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds