കന്നുകാലി സംരക്ഷണം ; ചില കാര്‍ഷിക നാട്ടറിവുകള്‍
കാലികളില്‍ ചെന പിടിക്കാന്‍ വൈകിയാല്‍ മുളപ്പിച്ച പയറു നല്‍കുക. മുളച്ച പയറില്‍ പോഷകങ്ങളും ഊര്‍ജ്ജവും കൂടുതലുണ്ട്. തന്മൂലം ഗര്‍ഭധാരണത്തിനുള്ള സാാധ്യതയും വര്‍ദ്ധിക്കുന്നു.
കാലികളില്‍ വിരശല്യം ശമിപ്പിക്കാന്‍ 100 ഗ്രാം പപ്പായ വിത്ത് അരച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി കുടിപ്പിക്കുക.
പശുവിനു ദഹനക്കേടു വന്നാല്‍ ചുക്ക് കുരുമുളക് ശര്‍ക്കര എന്നിവ സമം അരച്ച് ചേര്‍ത്ത് ഉരുളകളാക്കി കൊടുക്കുക.
കന്നുകാലികള്‍ റബ്ബര്‍ പാല്‍ കുടിക്കാനിടയാല്‍ മറുമരുന്നായി വെളിച്ചണ്ണ നല്‍കുക.
കന്നുകാലികളുടെ ദേഹത്ത് വട്ടന്‍ ( കറുത്ത് വട്ടത്തിലുള്ള ഒരു കീടം) കയറിക്കൂടുന്നത് തടയാന്‍ കൂവ ഇടിച്ചു പിഴിഞ്ഞ നീരു പുരട്ടുക.
വയറിളക്കം വന്നാല്‍ ആഞ്ഞിലിയില കരിച്ച് കുടിവെള്ളത്തില്‍ കലക്കി ഉപ്പുമിട്ട് കൊടുക്കുക.
പശുക്കള്‍ക്ക് കൂടുതല്‍ പാല്‍ കിട്ടുന്നത് പപ്പായ പുഴുങ്ങിക്കൊടുക്കുക.
കന്നുകാലികള്‍ക്കുണ്ടാകുന്ന ദഹനക്കേടിനു പ്രതിവിധിയായി കച്ചോലത്തിന്റെ നീരു കൊടുക്കുക.
കന്നുകാലികളുടെ ശരീരത്തില്‍ പുഴുക്കടി വന്നാല്‍ വന്‍ തകരയുടെ ഇല മോരില്‍ അരച്ചു ദിവസം രണ്ടു നേരം പുരട്ടുക.
കന്നുകാലികളില്‍ വിരശല്യവും വയറുവേദനയും ഉണ്ടെങ്കില്‍ കച്ചോലം വെളുത്തുള്ളി കുരുമുളക് കുടമ്പുളി ഇവ സമമായി എടുത്ത് അരച്ച് നെല്ലിക്കാ വലിപ്പത്തില്‍ ഉരുട്ടി രാവിലെയും വൈകീട്ടും ഓരോ ഉരുള വീതം കൊടുക്കുക.
പശുവിന്റെ തൊഴുത്തില്‍ ഇടയ്ക്കിടയ്ക്കു കുമ്മായം വിതറുക ഈച്ച ശല്യം മാറിക്കിട്ടും.
കന്നുകാലികളുടെ വയറിളക്കത്തിനു മാതളനാരങ്ങയുടെ തൊലി ഉണക്കിപ്പൊടിച്ചു കൊടുക്കുന്നത് ഫലപ്രദമായിരിക്കും.
കന്നുകാലികളുടെ കാലില്‍ ഉണ്ടാകുന്ന നീര്‍വീക്കത്തിനു ഞെരിഞ്ഞില്‍ ഇട്ട് തിളപ്പിച്ചാറ്റിയ വെള്ളം കൊടുക്കുക.
കാലിലെ നീര്‍വീക്കത്തിനു കറ്റാര്‍ വാഴനീരില്‍ ചെന്നിനായകം അരച്ച് ലേപനം ചെയ്യുന്നതും നല്ലതാണ്.
മൃഗങ്ങളുടെ പൊട്ടിയ എല്ലുകള്‍ നേരെയാകുന്നതിനു ഉഴുന്നുപൊടിയും കോഴിമുട്ട വെള്ളയും നല്ല വണ്ണം അരച്ചു ചേര്‍ത്ത് കട്ടിയായി പുരട്ടുക.
കന്നുകാലികളുടെ ദേഹത്തുണ്ടാകുന്ന മുറിവില്‍ ഈ ച്ച മുട്ടയിട്ട് പുഴു ആകുകയാണെങ്കില്‍ ആത്തയില അരച്ച് രണ്ടോ മൂന്നോ ദിവസം തുടര്‍ച്ചയായി മുറിവില്‍ വച്ചു കെട്ടുക. പുഴുക്കള്‍ ചാകും വ്രണവും കരിയും.
കുളമുരോഗമുളള കന്നുകാലികളുടെ കുളമ്പില്‍ തുരിശു പൊടിച്ചിടുക രോഗം ഭേദമായിക്കൊള്ളും.
കന്നുകാലികള്‍ക്കുണ്ടാകുന്ന കുളമ്പുരോഗത്തിന്‍ പുളിയില വെള്ളത്തില്‍ തിളപ്പിച്ച് ഉപ്പു ചേര്‍ത്ത് കുളമ്പില്‍ ഒഴിക്കുകയും വേപ്പെണ്ണ പുരട്ടുകയും ചെയ്യുക.
കുളമ്പുരോഗത്തിനു മടല്‍ച്ചാരവും ഉപ്പും ചേര്‍ത്ത് കിഴി കെട്ടി കിഴി ചൂടാക്കി കുളമ്പില്‍ ചൂടു പിടിക്കുക.
കന്നുകാലികളുടെ കുളമ്പില്‍ പുഴു പിടിച്ച് പഴുപ്പുണ്ടായാല്‍ കര്‍പ്പൂരം വെളുത്തുള്ളി ഇവ അരച്ച് പുന്നയ്ക്കാ എണ്ണയില്‍ കാച്ചി തൂവലുകൊണ്ട് തൊട്ടിടുക. കപ്പലണ്ടിക്കായും ഈ ആവശ്യത്തിനു പറ്റിയതാണ്.
കുളമ്പുരാഗത്തിനു മാട്ടുകോടാശേരി സമൂലം രണ്ടു പിടിയോളം എടുത്തു ഇടിച്ചു പിഴിഞ്ഞ നീരില്‍ വെളുത്തുള്ളി വയമ്പ് കാട്ടുജീരകം നല്ല മുളക് ചുക്ക് ഇവ പത്തു ഗ്രാം വീതം അരച്ചു കൂട്ടി കലക്കിക്കൊടുക്കാം.
കുളമ്പുരോഗത്തോടൊപ്പം വായില്‍ വ്രണവും ഉണ്ടാകാം. ചിത്രപാല, ചുവന്നുള്ളി, നെയ്‌വള്ളി, നറുനീണ്ടിക്കിഴങ്ങ് ഇവ ഇടിച്ചു പിഴിഞ്ഞ നീരും അതില്‍ 115 മി ലി തേങ്ങാപ്പാലും ചേര്‍ത്ത് അതിലേക്കു ചെന്നിനായകം കടുകു രോഹിണി കാട്ടു ജീരകം പെരും ജീരകം കുടക്കമൂലി ഇവ ഓരോ കഴഞ്ചു വീതം അരച്ചു കലക്കി ചേര്‍ത്ത് എല്ലാം കൂടി തിളപ്പിച്ച് ആറിയ ശേഷം കൊടുക്കുക. പുല്ലു കൊടുക്കാതെ വൈക്കോല്‍ കൊടുക്കുക. അതോടൊപ്പം കൊടിത്തണ്ട് വാട്ടിപ്പിഴിഞ്ഞ നീരില്‍ കഞ്ഞി വച്ച് കോരിക്കൊടുക്കുകയും വേണം.
കന്നുകാലികളുടെ ദേഹത്തുള്ള മുറിവില്‍ ഈച്ച മുട്ടയിട്ട് പഴുക്കുന്നുണ്ടെങ്കില്‍ അവിടെ പുകയില പൊടിച്ചിടുക
ദഹനക്കേടിനു വെറ്റില കായം ഇഞ്ചി കുരുമുളക് വെളുത്തുള്ളി ഇവ സമം ചേര്‍ത്ത് അരച്ച് കൊടുക്കുക
കന്നുകാലികളൂടെ കണ്ണിനു ക്ഷതം വന്നാല്‍ പുകയില വായിലിട്ട് ചവച്ച് നീര്‍ കണ്ണിലേക്കു തുപ്പുക.
കന്നുകാലികളുടെ ദേഹത്തുണ്ടാകുന്ന മുറിവില്‍ ഈച്ച മുട്ടയിടാതിരിക്കാന്‍ ചിരട്ടക്കരി പൊടിച്ച് ഉപ്പു നീരില്‍ ചാലിച്ച് പുരട്ടുക
കന്നുകാലികളുടെ ദേഹത്തെ മുറിവില്‍ ഈച്ച മുട്ടയിടുന്നത് തടയാന്‍ തേരകത്തിന്റെ കറ പഞ്ഞിയില്‍ മുക്കിപ്പുരട്ടുക.
മുറിവില്‍ ഈച്ച മുട്ടയിടുന്നതു ഒഴിവാക്കാന്‍ പേരയുടെ കുരുന്നില അരച്ച് മുറിവിലിടുക
കൊമ്പ് പഴുത്ത് ഊരിപ്പോകാറുള്ള പശുവിനു കൊമ്പിന്റെ ചുറ്റും ഘനത്തില്‍ പഞ്ഞി ചുറ്റി അത് ബെന്‍സോയിനില്‍ കുതിര്‍ത്ത് വയ്ക്കുക.
കന്നുകാലികളുടെ ശരീരത്തിലുണ്ടാകുന്ന മുറിവുകളുടെ പൊറ്റന്‍ പോകുന്നതിനു മൂത്ത തേങ്ങായുടെ പാല്‍ പിഴിഞ്ഞ് പുരട്ടുക.
കത്തിക്കൊണ്ടിരിക്കുന്ന ചിരട്ടയില്‍ അതി ഗാഢതയില്‍ കലക്കിയ ഉപ്പു നീരൊഴിച്ചു കെടുത്തി ആ കരി അരച്ച് വെളിച്ചണ്ണയില്‍ ചാലിച്ച് പുരട്ടിയാല്‍ കന്നുകാലികളിലെ ഏത് മുറിവും കരിയും.
അകിടു വീക്കത്തിന് ആര്യ വേപ്പിലയും പച്ച മഞ്ഞളും ഉപ്പും സമം അരച്ച് ദിവസവും പുരട്ടുക.
അകിടു കല്ലിക്കുന്നത് തടയാന്‍ പച്ചവെള്ളം ശക്തിയായി അകിടിലേക്ക് അടിച്ചൊഴിക്കുക പശുവിനെ വൃത്തിയായി പരി രക്ഷിച്ചാല്‍ അകിടു വീക്കം കുറെയെല്ലാം തടയാം. എപ്പോഴും ചെളിയില്‍ കിടക്കുന്നതിനു കന്നുകാലികളെ അനുവദിക്കരുത് .
കന്നുകാലികള്‍ക്ക് വയറിളക്കം ഉണ്ടായിരിക്കുകയും അതോപ്പം വയറു കമ്പിക്കുകയും ചെയ്താല്‍ സോഡാപ്പൊടി കൊടുക്കക അസുഖം മാറും.
തൊഴുത്തോ വീടോ മാറുമ്പോഴുള്ള വല്ലായ്മയും വിശപ്പില്ലായ്മയും മാറ്റാന്‍ ഒരു കുപ്പി കള്ളില്‍ അഞ്ചാറ് കുരുമുളക് പൊടിച്ചിട്ട് കുടിക്കാന്‍ കൊടുക്കുക കള്ളിന്റെ മട്ടായാലും മതിയാകും.
ഈ മാതിരി വിശപ്പില്ലായ്മ മാറ്റാന്‍ ഒരു തീപ്പട്ടിയില്‍ കൊള്ളുന്നത്ര യീസ്റ്റ് തിന്നാന്‍ കൊടുക്കുക
ദഹനക്കേട് വിരശല്യം വയറിളക്കം എന്നിവയ്ക്കു പച്ചപ്പപ്പായ കൊടുക്കുക പാലുത്പാദനം കൂടാനും ഇത് സഹായിക്കും
മലബന്ധനത്തിന് കൂവളത്തിന്റെ പഴുത്ത കായ് കൊടുക്കുക വയറു കടിക്ക് കൂവളത്തിന്റെ പച്ചക്കായ പൊടിച്ചത് ഔഷധമാണ്.
പശുക്കളുടെ ഉദരത്തില്‍ മുടിയും മറ്റും അകപ്പെട്ടുണ്ടാകുന്ന വയറിളക്കത്തിനു വഴത്തട അരിഞ്ഞു കൊടുക്കുക
കന്നുകാലികള്‍ക്കുണ്ടാകുന്ന നീരിനു കടുക്ക എള്ള് അമൃത് കറുകപ്പുല്ല് ചന്ദനം എന്നിവ പാലില്‍ പുഴുങ്ങി അരച്ച് വെണ്ണയില്‍ ചാലിച്ച് പുരട്ടുക.
ഒടിവിനും സന്ധി തെറ്റലിനും പര്‍പ്പടം ഉണ്ടാക്കാന്‍ തയാറാക്കുന്ന കൂട്ട് യഥാസ്ഥാനത്ത് കനത്തില്‍ പതിപ്പിക്കുക പ്ലാസ്റ്ററിന്റെ ഫലം കിട്ടും. ഭേദമാകുന്നതുവരെ ഇത് ആവര്‍ത്തിച്ചു ചെയ്യണം.
കന്നുകാലികള്‍ക്കുണ്ടാകുന്ന എല്ലാ മുറിവുകള്‍ക്കുംആത്തയില അരച്ച് അതുകൊണ്ട് മുറിവു പൊതിഞ്ഞു വയ്ക്കുക.
കന്നുകാലികളില്‍ കാല്‍സ്യത്തിന്റെ കുറവ് പരിഹരിക്കാന്‍ ചുണ്ണാമ്പു വെള്ളത്തിന്റെ തെളിയൂറ്റി കുറെശെ കാടിയിലൊഴിച്ച് ഏതാനും ദിവസം അടുപ്പിച്ചു കൊടുക്കുക.
തിരിയടപ്പന്‍ വന്നാല്‍ മാടിന്റെ ഒരുവശത്ത് വീക്കം കാണുന്നു. ഞരമ്പുകള്‍ പിടയ്ക്കും. തീറ്റ മടിക്കും. ശബ്ദം അടയും. അതിനു പരിഹാരമായി പെരും തുമ്പ ചെറുതുമ്പ ഇവ സമൂലം ഇടിച്ചു പിഴിഞ്ഞ നീര് ഒരു ലിറ്റര്‍ എടുക്കുക അതില്‍ പകുതി എടുത്ത് അറുപതു ഗ്രാം ചുക്ക് അരച്ചു ചേര്‍ത്തു കൊടുക്കുക ഇത് രണ്ടു നേരം കൊടുക്കണം.
ചെനയുള്ള പശുക്കളുടെ വാത സംബന്ധമായ അസുഖങ്ങള്‍ക്കു കുറുന്തോട്ടിയും നറുനീണ്ടിയും കഷായം വച്ച് ഏഴാം മാസം മുതല്‍ കൊടുത്താല്‍ സുഖപ്രസവം നടക്കും.
കന്നുകാലികളുടെ പൊക്കിള്‍കൊടി പഴുത്താല്‍ ടര്‍പ്പന്റെനില്‍ കര്‍പ്പൂരം ചാലിച്ച് കമ്പില്‍ തുണി ചുറ്റി അത് ഈ കുഴമ്പില്‍ മുക്കി പൊക്കിളിനകത്തേക്കു കടത്തുക. പുഴുക്കള്‍ അടര്‍ന്നു വീഴുന്നതു കാണാം പൂര്‍ണ്ണമായും ഭേദമാകുന്നതുവരെ ഇതാവര്‍ത്തിക്കുക. അതിനു ശേഷം പുകയിറ ഉപ്പുനീരില്‍ ചാലിച്ചു പുരട്ടുക.
കന്നുകാലികള്‍ക്കു തുരിശു വിഷബാധയേറ്റാല്‍ മുട്ടയുടെ വെള്ളയോ പൊട്ടാസ്യം പെര്‍മാഗനേറ്റ് ലായനിയോ കുടിപ്പിക്കുക.
കന്നുകാലികള്‍ക്കു യൂറിയ വിഷബാധയേറ്റാല്‍ അര ലിറ്റര്‍ വിനാഗിരി വീതം അര മണിക്കൂര്‍ ഇടവിട്ട് നല്‍കുക വിഷബാധാലക്ഷണം കുറയുന്നതുവരെ മൂന്നോ നാലോ പ്രാവശ്യം നല്‍കേണ്ടി വരും
കന്നുകാലികള്‍ക്കു പുഴുക്കടി ഉണ്ടായാല്‍ ഗന്ധകം എണ്ണയില്‍ ചാലിച്ച് പുരട്ടുന്നത് പരിഹാരമാണ്.
എന്നെ സംബന്ധിച്ചു ഇതെല്ലാം കേട്ടറുവുകളും കണ്ട് അറിവുകളുമാണ് ഇത് ഞാൻ എഴുതിയതുമല്ല എനിക്ക് പശുക്കളുണ്ട്. എന്റെ വീട്ടിൽ നാട്ടുകാർക്ക് ഉപകാരമാകട്ടെ എന്നുകരുതി ഒരു സർക്കാർ വെറ്റിനറി സബ്സെന്ററിനു വെറുതെ വാടക വാങ്ങാതെ സ്ഥലം കൊടുത്തിട്ടുമുണ്ട് പക്ഷെ ഇങ്ങനെയുള്ള അസുഖങ്ങൾക്ക് സർക്കാർ സംവിധാനങ്ങൾ ഇല്ലാത്ത സ്‌ഥലംങ്ങളിലെ സാധാരണക്കാർക്ക് ഇതൊക്കെ പരീക്ഷിക്കാവുന്നതേയുള്ളു ചിലത് ഫലിക്കും ചിലത്‌ഫലിക്കില്ല ലക്ഷങ്ങൾ മുടക്കി ചെയുന്ന പല ചികിത്സകളും മനുഷരുടെകാര്യത്തിൽ വിഫല മാകുന്നില്ലേ? ഈ നാട്ടിലെ പാവങ്ങളായ പശു വളർത്തുന്നവർക്കായി ഇത് പങ്കുവെച്ചു എന്നേയുള്ളു.
Share your comments