വരുമാന സാദ്ധ്യത തിരിച്ചറിഞ്ഞ് ചെമ്മീൻ കൃഷിയിലേക്ക് തിരിയുന്നവരുടെ എണ്ണം കൂടി വരികയാണ്. കൃഷിക്ക് ആവശ്യമായ സ്ഥലം കണ്ടെത്തുകയാണ് ആദ്യം വേണ്ടത്.
തെങ്ങിൻ തോപ്പുകളിലെ തോടുകൾ, ആഴം കുറഞ്ഞ കായൽ ഭാഗങ്ങൾ, ഉപ്പളങ്ങളിലെ ജല സംഭരണികൾ എന്നിവ ഉൾപ്പെടെ മലിനീകരണ സാദ്ധ്യത ഇലാത്ത താഴ്ന്ന ഓര് ജല പ്രദേശങ്ങളെല്ലാം ചെമ്മീൻ കൃഷിക്കനുയോജ്യമായിരിക്കും. നിലം ബലപ്പെടുത്തുക, അടിത്തട്ടിൽ ചാലുകൾ വെട്ടുക, തൂമ്പു അറ്റകുറ്റപ്പണികൾ ചെയ്‌തു ശരിയായി ഉറപ്പിക്കുക തുടങ്ങിയ നടപടികൾക്ക് പുറമേ നിലത്തിലെ മറ്റുമത്സ്യകുഞ്ഞുങ്ങളെ നശിപ്പിക്കുകയും ചെയ്‌ത ശേഷമേ ചെമ്മീൻ കുഞ്ഞുങ്ങളെ കുളത്തിലേക്ക് ഇടാവൂ.
കള മത്സ്യങ്ങളെ നശിപ്പിക്കാൻ നിലം വറ്റിച്ചു അടിത്തട്ട് വിണ്ടു കീറുന്നത് വരെ ഉണക്കുകയാണ് ഏറ്റവും നല്ല മാർഗം. മത്സ്യങ്ങൾ എല്ലാം ചാകുന്നതോടൊപ്പം ചെളിയിൽ തങ്ങി നിൽക്കനിടയുള്ള വിഷവാതകങ്ങൾ പുറത്തു പോകാനും ഇത് സഹായകമാകും. അടിത്തട്ട് ഉണങ്ങുമ്പോൾ മണ്ണിനു അമ്ല ഗുണം കൂടാനിടയുള്ളതിനാൽ ആവശ്യാനുസരണം കുമ്മായം ചേർക്കേണ്ടതുണ്ട്. കൃഷിക്കാവശ്യമായ ചെമ്മീൻ കുഞ്ഞുങ്ങളെ പ്രകൃതി ജലാശയങ്ങളിൽ നിന്നും ശേഖരിക്കുകയോ ഹാച്ചറികളിൽ നിന്ന് വാങ്ങുകയോ ചെയ്യാം.
കുഞ്ഞുങ്ങൾ കൃഷിസ്ഥലത്തെ വെള്ളത്തിന്റെ ലവണാംശം, ഊഷ്മാവ് എന്നീ ഘടകങ്ങലുമായി പൊരുത്തപ്പെടേണ്ടതായുണ്ട്. അതിന് കുഞ്ഞുങ്ങളെ കൃഷി സ്ഥലത്ത് എത്തിച്ചയുടനെ പാത്രങ്ങൾ കുളത്തിലെ വെള്ളത്തിൽ ഇറക്കി കുറച്ചു സമയം വെക്കുക. ഇതിനിടയിൽ ഊഷ്മാവിലുള്ള വ്യത്യാസം ഇല്ലാതാകും. തുടർന്ന് പാത്രങ്ങൾ കരക്കെടുത്തു കുഞ്ഞുങ്ങളെ മറ്റു പാത്രങ്ങളിലേക്ക് മാറ്റിയ ശേഷം അതിലേക്കു കുളത്തിലെ വെള്ളം കുറേശെ ചേർത്ത് ലവണാംശം തുല്യമാക്കാം.
കൃഷി സമയത്ത് കുളത്തിൽ രണ്ടര അടിയോളം വെള്ളം ഉണ്ടായിരിക്കണം. ചെമ്മീന്റെ സ്വാഭാവികമായ വളർച്ച നിരക്ക് വർധിപ്പിച്ചു ചുരുങ്ങിയ കാലം കൊണ്ട് വിളവെടുപ്പ് നടത്താനായി സംപൂരകാഹാരം നൽകേണ്ടതുണ്ട്. മൂന്നുമാസത്തിനുള്ളിൽ വിപണിയിലേക്ക് ഇവയെ കയറ്റി അയക്കാവുന്നതാണ്. ഒരുവർഷം മൂന്നു പ്രാവശ്യം വരെ ഒരു കുളത്തിൽ വിളവെടുപ്പ് നടത്താൻ കഴിയും.
Share your comments