ഏറെ ഔഷധഗുണമുള്ള കോലിഞ്ചി കൃഷി ചെയ്യുന്ന കർഷകർ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന് കോന്നി എം.എൽ.എ. ശ്രീ ജനീഷ് കുമാറിന്റെ അധ്യക്ഷതയിൽ നിയമസഭാ സമുച്ചയത്തിൽ ചേർന്ന യോഗത്തിൽ കൃഷി മന്ത്രി വി. എസ്.നിൽകുമാർ വ്യക്തമാക്കി.
നിലവിൽ കർഷകർ കോലിഞ്ചിയുടെ സംസ്കരണം ,വിപണനം എന്നിവയുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് മാർഗ്ഗങ്ങൾ നിർദ്ദേശിച്ചിട്ടുള്ളത്. നിലവിൽ 54 ഹെക്ടർ പ്രദേശത്ത് ചെയ്തിട്ടുള്ള കൃഷിയ്ക്ക് കൃഷി വകുപ്പ് സബ്സിഡി നൽകുമെന്ന് മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.
ഔഷധസസ്യ ബോർഡ് പദ്ധതിയിലുൾപ്പെടുത്തി ഈ വർഷം 200 ഹെക്ടർ കൃഷിയ്ക്കുള്ള സഹായവും മറ്റു സഹായ നടപടികളും ബോർഡ് മുഖാന്തിരം ആവശ്യപ്പെടുന്നതിനും യോഗം തീരുമാനമെടുത്തു. കോലിഞ്ചിയെ സംസ്ഥാന വിള ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുത്തുന്ന കാര്യവും പരിഗണനയിലാണ്.
കാർഷിക സർവ്വകലാശാലയുടെ നേതൃത്വത്തിൽ പഠനം നടത്തി കോലിഞ്ചിയ്ക്ക് ഭൗമശാസ്ത്ര സൂചിക പദവി നേടി കൊടുക്കുന്നതിനും നടപടികൾ സ്വീകരിക്ക ന്നതാണെന്നും മന്ത്രി പറഞ്ഞു.
കോലിഞ്ചി കൃഷി ചെയ്യുന്ന പ്രദേശം കേന്ദ്രീകരിച്ച് കോലിഞ്ചി കർഷകരുടെ കൺസോർഷ്യത്തിൻ്റെ നേതൃത്വത്തിൽ ഇടനിലക്കാരെ ഒഴിവാക്കി കർഷകരിൽനിന്ന് നേരിട്ട് സംഭരിച്ച് ഔഷധി പോലുള്ള സ്ഥാപനങ്ങൾക്ക് നൽകുന്നതിനും അതിനായി ട്രെയിഡിങ് സെന്റർ ആരംഭിക്കുന്നതിനും നടപടികൾ സ്വീകരിക്കുവാൻ യോഗം തീരുമാനിച്ചു .ഇതിനകം തന്നെ കർഷകരുടെ കൺസോർഷ്യം രൂപീകരിച് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കോന്നി എംഎൽഎ അറിയിക്കുകയും ചെയ്തു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ബദൽ കർഷക നിയമം കേരളം കൊണ്ടുവരുന്നു
Share your comments