വേനൽക്കാലമായി, അസഹനീയമായ ചൂടും കൂടെയെത്തി. ചൂടകറ്റാൻ തണുത്ത പാനീയങ്ങളും, ഐസ് ക്രീമുകളും തിരെഞ്ഞടുക്കുമ്പോൾ നമ്മൾ അറിയാതെ പോവുന്ന ഒരു കാര്യമുണ്ട്, ഉയരുന്ന പഞ്ചസാര വില. വേനൽക്കാലത്തു മനംമയക്കുന്ന പാനീയങ്ങളോടും ഐസ് ക്രീമുകളോടുമുള്ള ആഗ്രഹവും ആവശ്യവും പതിന്മടങ്ങു കൂടുകയാണ്. രാജ്യാന്തര വിപണിയിൽ അടുത്തിടെയായി പഞ്ചസാര വില കുതിച്ചുയരുകയാണ്. അധിക കയറ്റുമതി ഇന്ത്യ അനുവദിക്കില്ലെന്നതാണ് ഇതിന്റെ പ്രധാന കാരണം.
രാജ്യത്തു കാലം തെറ്റിയുള്ള മഴ മൂലം കരിമ്പിന്റെ ഉൽപ്പാദനത്തിലുണ്ടായ ഇടിവും, കാർബൺ ഉത്പാദനം കുറയ്ക്കൽ തീരുമാനവും, അതോടൊപ്പം രാജ്യം പ്രതിജ്ഞാബദ്ധതയോടെ എത്തനോൾ-മിശ്രിത പരിപാടി നിറവേറ്റുന്നതിലേക്ക് നീങ്ങുന്നതുമാണ് പഞ്ചസാര വില ഉയരുന്നതിന്റെ പ്രധാന കാരണമെന്ന് അധികൃതർ അറിയിച്ചു. ഈ വേനൽക്കാലത്ത് തീവ്രമായ ഉഷ്ണതരംഗങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, പഞ്ചസാരയുടെ ആവശ്യം വർദ്ധിക്കും. രാജ്യത്തു പഞ്ചസാര ഉൽപാദനത്തിലെ ഇടിവ് കാരണം വിതരണം പരിമിതമാകുമ്പോൾ വിലയും കൂടുന്നു.
മഹാരാഷ്ട്രയിലെ പഞ്ചസാര ഉല്പാദനകേന്ദ്രമായ കോലാപ്പൂരിൽ പഞ്ചസാരയുടെ വില ഒരു കിലോഗ്രാമിന് 33 രൂപയിൽ നിന്ന് 34.5 രൂപയായി 4.5% വർദ്ധിച്ചു. വേനൽക്കാല സീസണിലെ ഡിമാൻഡു വർധനവാണ്, പഞ്ചസാരയുടെ ഉൽപ്പാദനം കുറഞ്ഞതുമാണ് വില ഉയരാൻ കാരണമെന്ന് മഹാരാഷ്ട്രയിലെ പഞ്ചസാര വ്യാപാരികൾ പറഞ്ഞു. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി കുറഞ്ഞതിനാൽ, ആഗോളതലത്തിൽ അസംസ്‌കൃത/ശുദ്ധീകരിച്ച പഞ്ചസാരയുടെ വില കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 11%മായി വർദ്ധിച്ചു. ആഭ്യന്തര വിലയും കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 7 മുതൽ 8% വരെയായി വർദ്ധിച്ചു.
അടുത്ത 4 മുതൽ 6 മാസത്തിനുള്ളിൽ 5 % മുതൽ 7% വരെ വിലക്കയറ്റത്തിന് സാധ്യതയുണ്ട്. എന്നിരുന്നാലും, പഞ്ചസാര മേഖലയിലെ സർക്കാരിന്റെ നേരിട്ടും, പരോക്ഷ നിയന്ത്രണങ്ങൾ കണക്കിലെടുക്കുമ്പോൾ അസാധാരണമായ വിലക്കയറ്റമുണ്ടാവില്ല എന്ന് കരുതുന്നു എന്ന് അധികൃതർ വ്യക്തമാക്കി.
ബന്ധപ്പെട്ട വാർത്തകൾ: തേയില കൊതുക് പ്രതിസന്ധി: സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്ലാന്റേഴ്സ് അസോസിയേഷൻ
Share your comments