ഉപജീവനമാർഗ്ഗമായി കാർഷികവൃത്തി സ്വീകരിച്ച കുറെപ്പേർ നമ്മുടെ രാജ്യത്തും സംസ്ഥാനത്തും ഇന്ന് ജീവിക്കുന്നുണ്ട്. എന്നാൽ അവർ ചിലവഴിക്കുന്ന പണവും സമയവും അവരർഹിക്കുന്ന ധനാഗമം ലഭ്യമാക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെയായിരിക്കും ഈ രംഗത്തുള്ളവരുടെ പ്രതികരണം.
മറ്റു ജോലികളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു മേഖലയാണ് കൃഷി. കാലാവസ്ഥ അനുഗ്രഹിച് വിളവ് കൂടിയാൽ കമ്പോളത്തിൽ വരുമാനം കുറഞ്ഞു പോകുന്ന അവസ്ഥ. പ്രതികൂല കാലാവസ്ഥയിൽ കൃഷിനാശം സംഭവിചാൽ ഇറക്കിയ പണം പോലും തിരിച്ചു കിട്ടാതെ ആത്മഹത്യയിൽ അഭയം തേടേണ്ടി വരുന്ന സ്ഥിതി.
കാലാകാലങ്ങളായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന ഇന്ത്യൻ കർഷകരുടെ അവസ്ഥയാണിത് .
മാറി മാറി വരുന്ന ഭരണകൂടങ്ങൾ നിരവധി പദ്ധതികൾ കർഷകർക്കുവേണ്ടി ആസൂത്രണം ചെയ്തു നടപ്പാക്കാറുണ്ടെങ്കിലും ഇപ്പോഴും മുണ്ടുമുറുക്കി ഉടുക്കുകയോ കഴുത്തിൽ കയർ കുരുക്കുകയോ ചെയ്യാനാണ് കർഷകരുടെ വിധി.
ഇപ്പോൾ ഭരിക്കുന്ന കേന്ദ്ര സർക്കാർ ഫസൽ ഭീമാ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കിയത് കർഷക ആത്മഹത്യ ഇല്ലാതാക്കി അവർ മുടക്കിയ പണം തിരികെ ലഭിക്കാനാണ്. എന്നാൽ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നത് കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതും അപര്യാപ്തമാണ് എന്ന് തന്നെയാണ്.
സർക്കാരിൽ നിന്നും കൃഷിവകുപ്പ് മുഖേന വളരെയധികം ആനുകൂല്യങ്ങൾ കർഷകർക്ക് ലഭ്യമാക്കിയിട്ടുണ്ട്. സൗജന്യമായി വിത്തുകൾ നൽകാനും വളം നൽകാനുമുള്ള പദ്ധതികൾ , ജലസേചനത്തിനുള്ള വൈദ്യുതചിലവിൻറെ ഭാഗമായുള്ള ധനസഹായം , സംരക്ഷിത കൃഷിക്കുള്ള ആനുകൂല്യങ്ങൾ , യന്ത്രവൽകൃത കൃഷിക്കുള്ള സബ്സിഡികൾ , ധാന്യ സംഭരണം എന്നിങ്ങനെ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും
കർഷകന് ഇന്ന് കൈത്താങ്ങായി സർക്കാർ സഹായങ്ങൾ ഉണ്ട്.
എന്നാൽ ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ചുവടുവെപ്പാണ് കേരള സർക്കാർ കാർഷികശാല വഴി ഒരുക്കിയിട്ടുള്ളത്. മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിച്ചു കൊടുക്കുക എന്നുള്ളതാണ് ഈ വ്യത്യസ്തമായ വഴി. സ്വന്തം നിലയ്ക്ക് ഭക്ഷ്യസംസ്കരണത്തിനാവശ്യമായ മെഷിനറികൾ വാങ്ങുക എന്നത് നമ്മൾ കണ്ട ഗണത്തിൽപ്പെട്ട കർഷകർക്ക് താങ്ങാവുന്നതല്ല. അതുമാത്രമല്ല , ഭക്ഷ്യ സംസ്കരണത്തിനുള്ള കർഷകരുടെ അറിവും ഒരു കടമ്പയാണ്.അതുകൊണ്ട് കാർഷിക സർവ്വകലാശാലയുടെ ഭക്ഷ്യസംസ്കരണശാലയിൽ കർഷകർ എത്തിച്ചുകൊടുക്കുന്ന പഴങ്ങളും പച്ചക്കറികളും അവരാവശ്യപ്പെടുന്ന മൂല്യവർധിത ഉൽപ്പന്നമാക്കി മാറ്റികൊടുക്കുകയാണ് കാർഷിക സർവകലാശാലയിലെ ഫെസിലിറ്റേഷൻ സെൻറിൻറെ ഭാഗമായ ഭക്ഷ്യസംസ്കരണ ശാല ഇപ്പോൾ ചെയ്യുന്നത്.
വിളവെടുപ്പ് സമയത്ത് അധികമാകുന്ന പഴവർഗങ്ങളും പച്ചക്കറികളും അവയിൽ നിന്നുള്ള മൂല്യവർധിത ഉൽപ്പന്നങ്ങൾ ആയി വിൽക്കുമ്പോൾ കമ്പോളത്തിൽ ഉള്ള വിലക്കുറവ് മൂലമുള്ള നഷ്ടം കുറയും എന്നുമാത്രമല്ല മൂല്യവർദ്ധിതഉൽപ്പന്നത്തിന് കിട്ടുന്ന കൂടുതൽ വില മൂലം കർഷകന് ലാഭം കൂടും എന്നുള്ളതാണ് ഇതിൻറെ ഗുണം. മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കാനുള്ള കൂലിയും ചേരുവകളുടെ വിലയും മാത്രമേ കർഷകർ കൊടുക്കേണ്ടതുള്ളൂ. പാക്ക് ചെയ്യാനാവശ്യമായ വസ്തുക്കൾ കൊടുത്താൽ പാക്ക് ചെയ്തു കൊടുക്കുകയും ചെയ്യും. വിപണനം മാത്രം കർഷകർ നേരിട്ടാണ് ചെയ്യേണ്ടത്.
മുൻഗണനാ ക്രമത്തിലാണ്. പച്ചക്കറികളും പഴങ്ങളും ഇവിടെ സ്വീകരിക്കുന്നത്. കുറഞ്ഞത് പത്ത് കിലോഗ്രാമെങ്കിലും അസംസ്കൃതവസ്തു ഭക്ഷ്യസംസ്കരണത്തിനുവേണ്ടി ഉണ്ടായിരിക്കണം. കേടുപാടുകൾ സംഭവിച്ച ഭാഗങ്ങൾ നീക്കം ചെയ്തതിന് ശേഷമാണ് ഇവ ഉപയോഗിക്കുക. ചക്ക ,മാങ്ങ , ഇഞ്ചി , ജാതി തൊണ്ട് , പഴങ്ങൾ എന്നിവയാണ് ഇവിടെ സംസ്കരിക്കുന്നത്.
കേരളത്തിൻറെ ഈ മാതൃക ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും പരീക്ഷിക്കാവുന്നതാണ്. കാർഷിക ഉൽപ്പന്നങ്ങൾ പാഴാവുന്നത് തടഞു കർഷകന് കൂടുതൽ വരുമാനം ഉണ്ടാക്കി കൊടുക്കുന്നതിനോടൊപ്പം ഗ്രാമീണമേഖലയിൽ കൂടുതൽ തൊഴിൽ ലഭ്യത ഉറപ്പാക്കാനും ഇത്തരത്തിലുള്ള പദ്ധതികൾക്ക് കഴിയും ,പ്രത്യേകിച്ച് ,സ്ത്രീകളുടെ ഇടയിൽ.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
മൊബൈൽ ഉണ്ടോ? സ്വയം മണ്ണ് പരിശോധിക്കാം വളം നിശ്ചയിക്കാം
ബയോബിൻ മാലിന്യനിർമാർജനത്തി നുള്ള നൂതന മാർഗ്ഗം
ഡ്രിപ്പ് ഇറിഗേഷൻ അഥവാ തുള്ളിനന
തെങ്ങ്കൃഷിയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും
Share your comments