മാവിന് നമ്മൾ വളം ഇടണോ? അതോ വരരുചി മൊഴിഞ്ഞതു പോലെ മതിയോ?
പ്രമോദ് മാധവൻ
ലോകത്തിൽ ഏറ്റവും മാങ്ങ ഉൽപ്പാദിപ്പിക്കുന്നവർ നമ്മളാണ്. പാഴാക്കി കളയുന്നവരും.
എന്ത് കൊണ്ടാണ് നമുക്ക് തൃപ്തികരമായി മാങ്ങാ വിളവെടുക്കാൻ കഴിയാത്തത്?
1.നല്ല തുറസ്സായ, 8മണിക്കൂർ എങ്കിലും സൂര്യ പ്രകാശം കിട്ടാത്ത ഇടങ്ങളിൽ മാവ് നടും
2.1മീറ്റർ നീളവും വീതിയും ആഴവും ഉള്ള കുഴികൾ എടുത്തു അതിൽ അഴുകി പൊടിഞ്ഞ ചാണകം, ചാരം, എല്ലുപൊടി തുടങ്ങിയ ജൈവ വളങ്ങൾ സമൃദ്ധമായി മണ്ണുമായി മിക്സ് ചെയ്തു കുഴി മൂടി അല്ലാതെ തൈകൾ നടും . ആയതിനാൽ തന്നെ മണങ്ങി മണങ്ങി, തത്തക്കോ പിത്തക്കോ എന്ന പോലെ മാത്രമേ അവ വളരുകയുള്ളൂ.
3.നമ്മുടെ കാലാവസ്ഥ യ്ക്ക് യോജിച്ച ഇനങ്ങൾ അല്ല പലപ്പോഴും നമ്മൾ നടുക. ഫാൻസി ഇനങ്ങളുടെ പിറകെ പോകും. ഒരുപാടു സ്ഥലം ഉണ്ടെങ്കിൽ ആകാം.
അശോകന് ക്ഷീണം ആകാം
പക്ഷെ ഒന്നോ രണ്ടോ മാവ് നടാൻ ഉള്ള സ്ഥലമേ ഉള്ളൂ എങ്കിൽ ജഹാന്ഗീർ, ബ്ലാക്ക് ആൻഡ്രൂസ് എന്നിവയുടെ പിന്നാലെ പായരുത്.
അവർക്കു പറ്റിയത് മൂവാണ്ടൻ, കിളിച്ചുണ്ടൻ, കർപ്പൂരം, കൊളംബി, കൊട്ടൂർക്കോണം, സിന്ദൂരം, ചന്ത്രക്കാറൻ, കലപ്പാടി, മല്ലിക, നീലം എന്നിവ ഏറെക്കുറെ തെക്കൻ കേരളത്തിന് യോജിച്ചവയാണ്.
4.വലിയ ഉയരത്തിൽ പോകാതെ വശങ്ങളിലേക്ക് ശിഖരങ്ങൾ വളർന്നു കയ്യെത്തും ഉയരത്തിൽ മാങ്ങാ പറിക്കത്തക്ക രീതിയിൽ പ്രൂൺ ചെയ്തു വളർത്താൻ നമുക്ക് അറിയില്ല.
4.മാവിന് കൃത്യമായി വള പ്രയോഗം നടത്താൻ അറിയില്ല, അല്ലെങ്കിൽ ശ്രമിക്കുന്നില്ല.
അതേ. അതാണ് പ്രധാന കാരണം. മാവിന് നമ്മൾ വളം ഇട്ടു കൊടുക്കേണ്ട കാര്യം ഉണ്ടോ? ഇല്ല. കിട്ടുന്നത് കിട്ടിയാൽ മതി എങ്കിൽ അന്ത വഴിയേ പോകലാം.
വരരുചി മൊഴിഞ്ഞ പോലെ. 'വാ കീറിയ ദൈവം ഇര കൊടുക്കും '.
ഇനി അതല്ല, ഇത്തവണ ഞാൻ ഗുണ മേന്മയുള്ള നൂറു മാങ്ങാ പറിക്കും എന്ന് വാശി ഉണ്ടെങ്കിൽ ദാ, ദിതുപോലെ യാണ് മാവിന് വളം കൊടുക്കേണ്ടത്.
തെങ്ങിന് തടം തുറക്കുന്നത് പോലെ തടിയിൽ നിന്നും ഏതാണ്ട് 2m ആരത്തിൽ അരയടി ആഴത്തിൽ തടം എടുക്കുക. ചെറിയ മാവ് ആണെങ്കിൽ ആനുപാതികമായി. ഇല ചാർത്ത് എത്ര വിസ്താരത്തിൽ ഉണ്ടോ അത്രയും ആണ് മരത്തിന്റെ വേര് വിന്യാസം. ആ വ്യാസാർദ്ധത്തിൽ തടം എടുക്കാം.
ഏപ്രിൽ -മെയ് മാസത്തിലോ വിളവെടുപ്പ് കഴിഞ്ഞ ഉടനെയോ ഇത് ചെയ്യാം.
1 കിലോ കുമ്മായം തടത്തിൽ വിതറി പുളിപ്പ് ക്രമ പെടുത്താം.
15 ദിവസം കഴിഞ്ഞ് ജൈവ -രാസ -സൂക്ഷ്മ വള മിശ്രിതം കൊടുക്കാം.
അതിന്റെ ഫോർമുല എന്താണ്?
ജൈവ വളം -മരത്തിന്റെ പ്രായം x5കിലോ. (5കൊല്ലം പ്രായമുള്ള മരത്തിനു 25കിലോ )
യൂറിയ-മരത്തിന്റെ പ്രായം x45ഗ്രാം. (5കൊല്ലം പ്രായമുണ്ടെങ്കിൽ 220ഗ്രാം )
മസൂറി ഫോസ് -പ്രായം x100ഗ്രാം (5കൊല്ലം പ്രായം, 500ഗ്രാം )
പൊട്ടാഷ് -പ്രായം x50ഗ്രാം (5കൊല്ലം പ്രായം 250ഗ്രാം )
പുറമെ എല്ലാ കൊല്ലവും രണ്ടാം വളത്തോടൊപ്പം 50-100ഗ്രാം മൈക്രോ ഫുഡ് കൂടി കൊടുക്കാം.
ഏപ്രിൽ -മെയ് മാസത്തിൽ ഒന്നാം വളം.മുഴുവൻ ജൈവ വളവും പകുതി യൂറിയ, മുഴുവൻ മസ്സൂറി ഫോസ്, പകുതി പൊട്ടാഷ്.
സെപ്റ്റംബർ -ഒക്ടോബർ മാസത്തിൽ ശേഷിച്ച യൂറിയ യും പൊട്ടാഷും.
പൂക്കാൻ തുടങ്ങുന്നതിനു മുൻപ് പൊട്ടാസിയം നൈട്രേറ്റ് 10ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിക്കാം.
മാങ്ങാ വിണ്ടു കീറുന്നു എങ്കിൽ കാൽസ്യം നൈട്രേറ്റ് 10gram, Borax 3ഗ്രാം എന്നിവ ഒരു ലിറ്റർ വെള്ളത്തിൽ വേറെ വേറെ ആയി ഇലകളിൽ തളിക്കാം. വേണമെങ്കിൽ 20ഗ്രാം Borax മണ്ണിൽ ചേർത്ത് കൊടുക്കാം.
അപ്പോൾ ഇത്തവണ മാങ്കോ ചലഞ്ച്. "സാധിക്കും സാധിക്കും എനിക്കും സാധിക്കും".
വാൽകഷ്ണം: ലോകത്തിലെ ഏറ്റവും വിലയേറിയ മാങ്ങ ജപ്പാനിലെ Taiyo no Tamago (Egg of the sun).മിയസാക്കി പ്രവിശ്യയിൽ വളർത്തുന്ന ഈ മാങ്ങയ്ക്കു കിലോ യ്ക്ക് 3ലക്ഷം വരെ കൊടുത്തു വാങ്ങുന്ന കഴപ്പന്മാർ ഉണ്ട്. നമുക്ക് 75-100രൂപയുടെ കിളിമൂക്കും ബംഗന പള്ളിയും മതിയേ.
പ്രമോദ് മാധവൻ
കൃഷി ഓഫീസർ
ചാത്തന്നൂർ കൃഷി ഭവൻ
Share your comments