Features

ചെടികൾക്ക് നിങ്ങളെ സുഖപ്പെടുത്താൻ കഴിയുമോ? പൂന്തോട്ടപരിപാലനം മനസിന് തെറാപ്പിയാകുമ്പോൾ...

horticulture
Horticulture therapy; പൂന്തോട്ടപരിപാലനം മനസിന് തെറാപ്പിയാകുമ്പോൾ...

ചെടി വളർത്തുന്നതും ഒരു ചികിത്സാരീതിയാണ്. അതായത് ഹോർട്ടികൾച്ചർ മാനസിക ആരോഗ്യം നൽകുന്ന ഉപാധിയാണെന്ന് പറയാം. ഇന്ന് ലോക മാനസികാരോഗ്യ ദിനത്തിൽ അതിനാൽ തന്നെ ഹോർട്ടികൾച്ചർ പ്രാധാന്യമർഹിക്കുന്നു. മാനസികോല്ലാസം നൽകുന്നതാണ് പൂന്തോട്ട പരിപാലനവും അടുക്കളത്തോട്ടവുമെന്ന് പറയുന്നത് വെറുതെയല്ല. പ്രകൃതിയുമായി ചേർന്ന് മനസിനെയും ശരീരത്തെയും സുഖപ്പെടുത്തുന്നതാണ് ഹോർട്ടികൾച്ചർ തെറാപ്പി. അതായത് സമ്മർദവും ഉത്കണ്ഠയും മാറ്റാൻ ചെടികളോട് ഇടപഴകുന്നത് ഒരു ചികിത്സാരീതിയാണ്.

സസ്യങ്ങൾ വളരുന്നതിന് അതിന്റെ ചുറ്റുപാടും ബാഹ്യഘടകങ്ങളും സ്വാധീനം ചെലുത്തുന്നു എന്നത് പോലെ മനുഷ്യന്റെ ആരോഗ്യത്തിന് ചെടികൾക്കും പ്രാധാന്യമുണ്ട്. വ്യത്യസ്ത ശാസ്ത്ര ശാഖകളെ സമന്വയിപ്പിച്ച് ശാസ്ത്രീയ സമീപനത്തിലൂടെയാണ് ഹോർട്ടികൾച്ചർ തെറാപ്പി സാധ്യമാക്കുന്നത്. ഇതിന് സമകാലികമായി വലിയ അംഗീകാരം ലോകമൊട്ടാകെ ലഭിക്കുന്നുമുണ്ട്.

ലോക്ഡൗൺ കാലത്ത് കൃഷിയിലേക്ക് ഒരുപാട് ആളുകൾ തിരിച്ചെത്തിയത് പോലെ, മാനസിക വിഷാദത്തിൽ നിന്നും മുക്തി നേടുന്നതിനും ആളുകൾ സസ്യപരിപാലനത്തെ ആശ്രയിച്ചു. അടച്ചുപൂട്ടലിന്റെ വിരസതയെ മറികടക്കാൻ കുടുംബാംഗങ്ങൾ എല്ലാവരും അടുക്കളത്തോട്ടത്തിലേക്കും പൂന്തോട്ട പരിപാലനത്തിലേക്കും തിരിഞ്ഞു.

കുട്ടികളുടെ സ്വഭാവരൂപീകരണത്തിലും അടുക്കളയിലെയും ഉദ്യാനത്തിലെയും ചെടികളെ പരിപാലിക്കുന്നത് സഹായകമാകും. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അവരിലെ ദേഷ്യവും സങ്കടവും പോലുള്ള വികാരങ്ങൾ നിയന്ത്രിക്കാൻ ചെടികളുമായുള്ള ഇടപഴകൽ ഗുണം ചെയ്യും. കുട്ടികളിലെ കായികക്ഷമത മെച്ചപ്പെടുത്തുന്നതിലും, പേശീബലം വർധിപ്പിക്കുന്നതിലും ശാരീരികക്ഷമത പ്രോത്സാഹിപ്പിക്കുന്നതിലും കൃഷി സ്വാധീനിക്കുന്നു. അതുപോലെ സ്കൂളുകളിലെയും കലാലയങ്ങളിലെയും ഇടവേളകൾ കൂട്ടായുള്ള കൃഷിയിലേക്ക് വിനിയോഗിക്കുകയാണെങ്കിൽ അത് അവരിൽ ആത്മവിശ്വാസവും സാമൂഹിക പ്രതിബന്ധതയും വർധിപ്പിക്കും. സ്വാഭാവികമായും ഇത് അവരുടെ മനസിന് കൂടുതൽ കരുത്തും നൽകുന്നതാണ്.

കുട്ടികളിൽ മാത്രമല്ല, മക്കൾ ജോലിത്തിരക്കിലേക്കോ പഠനാവശ്യങ്ങളിലേക്കോ മുഴുകുകയാണെങ്കിൽ വിരസത അനുഭവിക്കുന്ന മുതിർന്നവർക്ക് ഒറ്റപ്പെടലിനുള്ള മരുന്നായി കൃഷി ഉപയോഗിക്കാം. വെറുതെ ഇരുന്നുള്ള മനസിന്റെ മടുപ്പ് ശാരീരികമായും മാനസികമായും ദോഷകരമായി ബാധിക്കുന്നു. എന്നാൽ ഊർജവും ഉന്മേഷവും ഉത്സാഹവും നിലനിർത്താൻ വീട്ടിലൊരു അടുക്കളത്തോട്ടം ഒരുക്കാം. ചെടികളോട് ആശയ വിനിമയം നടത്തുന്നതും, അവയുമായി ഇടപഴകുന്നതും അവയിലെ വളർച്ചയും മാറ്റങ്ങളും നിരീക്ഷിക്കുന്നതും പ്രസാദകരമായ വികാരങ്ങൾ മനുഷ്യനിലും സൃഷ്ടിക്കുന്നു.

ഹോർട്ടികൾച്ചർ ചികിത്സാരീതിയാകുന്നത്…

ചെടികളെ പരിപാലിക്കുമ്പോൾ നമ്മുടെ തലച്ചോറിൽ ഉദ്ദീപനങ്ങൾ ലഭിക്കുന്നു. ഇത് മാനസിക ശാരീരിക പ്രശ്നങ്ങൾ ശമിപ്പിക്കാൻ സഹായകമാകുന്നു. എന്നാൽ ഇത് ശാസ്ത്രീയമായി ഒരു മനുഷ്യന്റെ രോഗമുക്തിയ്ക്ക് വിനിയോഗിക്കുമ്പോൾ പരിശീലനം ലഭിച്ച ഒരു പരിശീലകന്റെ മേൽനോട്ടം അനിവാര്യമാണ്.

ബന്ധപ്പെട്ട വാർത്തകൾ: വീടിനുള്ളിൽ വളർത്തിയാൽ ഈ ചെടികൾ കൊതുകിനെ തുരത്തും

ഇത്തരം ചികിത്സാലക്ഷ്യത്തിന് അനുയോജ്യമായ രീതിയിലാണ് പൂന്തോട്ടം ഒരുക്കുന്നത്. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കും മറ്റുമായി ഈ രീതിയിലുള്ള ചികിത്സ നടപ്പിലാക്കി വരുന്നുണ്ട്. ലോക മഹായുദ്ധങ്ങൾക്ക് മുമ്പ് തന്നെ ഈ കണ്ടെത്തലോടെ പാശ്ചാത്യരാജ്യങ്ങളിൽ ഹോർട്ടികൾച്ചർ തെറപ്പി ഒരു പഠനശാഖ എന്ന നിലയിലും ചികിത്സാശാഖ എന്ന നിലയിലും വളർച്ച പ്രാപിച്ച ഹോർട്ടികൾച്ചർ തെറാപ്പിയ്ക്ക് കേരള കാർഷിക സർവകലാശാലയുടെ വെള്ളായണി കാർഷിക കോളജിൽ വിപുലമായ പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്.

കൂടുതൽ വിജയഗാഥകൾ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Features'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന എന്തെങ്കിലും വിജയഗാഥ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.


English Summary: Horticulture is a therapy to cure mental illness; Know how!

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds