72 ഏക്കറിൽ കരിമ്പ് കൃഷി, ഇന്റർക്രോപ്പിംഗ് മോഡൽ, 2 കോടിയുടെ വാർഷിക വരുമാനം - സർതാജ് ഖാന്റെ വിജയകഥ
ഉത്തർപ്രദേശിലെ ഷാഹജഹാൻപൂർ ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് ഉയർന്ന് വന്ന പ്രഗത്ഭ കർഷകനാണ് സർതാജ് ഖാൻ. ആധുനിക സാങ്കേതിക വിദ്യയും ശാസ്ത്രീയ സമീപനവും ശരിയായ കാര്യനിർവ്വഹണവും ചേർന്നാൽ കൃഷിയെ കോടികളുടെ ബിസിനസാക്കി മാറ്റാനാകുമെന്ന് തെളിയിച്ച വ്യക്തിയാണ് ഇദ്ദേഹം. ഡൽഹി എയർപോർട്ടിൽ ജോലി ഉണ്ടായിരുന്ന സർതാജ് ഖാൻ ഇന്ന് 'ശാഹിദ് ഫാംസ് ആൻഡ് ഗന്ന നഴ്സറി' മുഖേന കരിമ്പിന്റെ ആധുനിക കൃഷി, ഇന്റർക്രോപ്പിംഗ്, മെക്കനൈസേഷൻ എന്നിവയുടെ വിജയകരമായ മാതൃക സൃഷ്ടിച്ചിരിക്കുകയാണ്. ഏകദേശം 72 ഏക്കർ ഭൂമിയിൽ കൃഷി ചെയ്ത് അദ്ദേഹം പരമ്പരാഗത കൃഷിയെ ഒരു ആധുനിക ബിസിനസ് മാതൃകയാക്കി മാറ്റി. ഇന്ന് അദ്ദേഹത്തിന്റെ വാർഷിക വരുമാനം ഏകദേശം 2 കോടി രൂപയാണ്.
സർതാജ് ഖാന്റെ വിജയം കരിമ്പ് കൃഷിയിലേക്ക് മാത്രം ചുരുങ്ങുന്നതല്ല. സുസ്ഥിര കൃഷിയിലേക്കും, ജൈവകൃഷിയിലേക്കും വ്യാപിപ്പിക്കുകയാണ് ഇന്നദ്ദേഹത്തിന്റെ ലക്ഷ്യം. ഭാവിയിലെ കൃഷി വെറും ഉത്പാദനവുമായി ബന്ധപ്പെട്ടതല്ല; ആരോഗ്യവും മണ്ണിന്റെ ഫലഭൂയിഷ്ഠതയും പരിസ്ഥിതി സംരക്ഷണവും അതിന്റെ ഭാഗമാണെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. ഡയറി അടിസ്ഥാനമാക്കിയ മാതൃക, കൃഷിയുമായി കൂട്ടിചേർത്ത് ജൈവകൃഷിയെ കൂടുതൽ ശക്തമാക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. ഭാവിയിൽ കൃഷിയെ പൂർണ്ണമായും ഓട്ടോമേഷൻ അധിഷ്ഠിതവും കുറഞ്ഞ ചെലവിലുള്ളതുമായ മാതൃകയാക്കി മാറ്റുകയാണ് ലക്ഷ്യം.
കൃഷി ജാഗരൺ സംഘടിപ്പിച്ച 'മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ്സ് - 2025' - ൽ അദ്ദേഹത്തിന് ദേശീയ പുരസ്കാരം ലഭിച്ചു. ആയിരക്കണക്കിന് കർഷകർക്ക് പ്രചോദനമാണ് ഇന്നദ്ദേഹം. പ്രഗത്ഭ കർഷകൻ സർതാജ് ഖാനുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ ചുവടെ:
ചോദ്യം: കൃഷിയിലേക്കുള്ള തുടക്കം എങ്ങനെ? ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക് വരാൻ കാരണമെന്ത്?
ഉത്തരം: ഞങ്ങൾക്ക് ഏകദേശം 72 ഏക്കർ പാരമ്പര്യ ഭൂമിയുണ്ടായിരുന്നു. അവിടെ പരമ്പരാഗത രീതിയിലായിരുന്നു കൃഷി ചെയ്തുവന്നിരുന്നത്. ഞാൻ ഡൽഹി എയർപോർട്ടിൽ ജോലി ചെയ്തിരുന്ന സമയത്ത് സാമ്പത്തിക മാന്ദ്യം വന്നപ്പോൾ നിരവധി ആളുകളെപ്പോലെ എന്റെ ജോലിയും ബാധിക്കപ്പെട്ടു. തുടർന്ന് ഞാൻ നാട്ടിലേക്ക് മടങ്ങി.
ഗ്രാമത്തിലെത്തിയപ്പോൾ കൃഷി നടക്കുന്നുണ്ടെങ്കിലും അതിനെ ഒരു ബിസിനസായി കാണുന്നില്ലെന്ന് മനസ്സിലായി. അതിനാൽ ആധുനിക സാങ്കേതികവിദ്യയും ശാസ്ത്രീയ സമീപനവും ഉപയോഗിച്ച് കൃഷിയെ ഒരു ബിസിനസ് മാതൃകയാക്കാമെന്ന് ഞാൻ ചിന്തിച്ചു. പിന്നീട് അച്ഛനോടും സഹോദരങ്ങളോടും ചേർന്ന് 'ശാഹിദ് ഫാംസ് ആൻഡ് ഗന്ന നഴ്സറി' ആരംഭിച്ചു. ഇത് രജിസ്റ്റർ ചെയ്യുകയും ഉത്തർപ്രദേശ് കരിമ്പ് ഗവേഷണ കൗൺസിലിന്റെ അംഗീകൃത വിത്ത് വിതരണക്കാരാകുകയും ചെയ്തു.
ചോദ്യം: പരമ്പരാഗത കരിമ്പ് കൃഷിയിൽ നിന്ന് ആധുനിക കൃഷിയിലേക്കുള്ള താത്പര്യം എങ്ങനെ ഉണ്ടായി?
ഉത്തരം: മറ്റു സംസ്ഥാനങ്ങളിലെ വലിയ കർഷകരുടെ മാതൃകകൾ കണ്ടപ്പോൾ നമ്മുടെ പ്രദേശത്ത് ഇപ്പോഴും പഴയ രീതിയിലാണ് കൃഷി നടക്കുന്നതെന്ന് മനസ്സിലായി. ഇവിടെ വരികൾക്കിടയിൽ വളരെ കുറവ് അകലം മാത്രമേ നൽകിയിരുന്നുള്ളൂ - ഏകദേശം 2.25 അടി. അതുകൊണ്ട് കരിമ്പിന് ആവശ്യമായ വായുവും സൂര്യപ്രകാശവും ലഭിക്കാതെ രോഗങ്ങൾ കൂടുകയും ഭാരം കുറയുകയും ചെയ്തു.
ഞാൻ 4 മുതൽ 4.5 അടി വരെ അകലം നൽകുന്ന രീതി സ്വീകരിച്ചു. ഇതിലൂടെ വായുവിന്റെയും ജലത്തിന്റെയും സന്തുലിതാവസ്ഥ മെച്ചപ്പെട്ടു. ചെടികളുടെ വളർച്ചയും ഉത്പാദനവും വർധിച്ചു. ഇന്ന് നമ്മുടെ മേഖലയിലെ നിരവധി കർഷകർ ഈ രീതി തന്നെയാണ് പിന്തുടരുന്നത്.
ചോദ്യം: എങ്ങനെയാണ് 'ശാഹിദ് ഫാംസ്' രൂപംകൊണ്ടത്?
ഉത്തരം: കൃഷിയെ പൂർണ്ണമായും പദ്ധതിപരമായി മുന്നോട്ടെടുത്തു. ഇന്ന് ഞങ്ങൾക്ക് ഏകദേശം 72 ഏക്കർ ഭൂമിയുണ്ട്, അവിടെ വലിയ തോതിൽ കരിമ്പ് കൃഷി ചെയ്യുന്നു. 13235, 0118, 14201, 16202 പോലുള്ള മെച്ചപ്പെട്ട ഇനങ്ങൾ കൃഷി ചെയ്യുന്നു.
അതോടൊപ്പം കരിമ്പ് വിത്ത് ഉത്പാദനവും ആരംഭിച്ചു. സമീപ പ്രദേശങ്ങളിലെ കർഷകർക്കും ഷുഗർ മില്ലുകൾക്കും ന്യായമായ നിരക്കിൽ വിത്ത് എത്തിക്കാനും ഇന്ന് സാധിക്കുന്നു.
ചോദ്യം: ട്രെഞ്ച് രീതി സ്വീകരിച്ചതിലൂടെ എന്ത് നേട്ടമുണ്ടായി?
ഉത്തരം: ട്രെഞ്ച് രീതി നമ്മുടെ കൃഷിയുടെ ചിത്രം തന്നെ മാറ്റി. മുമ്പ് വയലുകളിൽ യന്ത്രങ്ങൾ ഉപയോഗിക്കുന്നത് ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഇപ്പോൾ 4 മുതൽ 4.5 അടി വരെ അകലം ഉള്ളതിനാൽ മിനി ട്രാക്ടർ, പവർ വീഡർ, സ്പ്രേയർ എന്നിവ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നുണ്ട്.
ഇതിലൂടെ തൊഴിലാളി ചെലവ് ഗണ്യമായി കുറഞ്ഞു. കരിമ്പ് വളർന്ന ശേഷവും വയലിനുള്ളിലേക്ക് കയറി സ്പ്രേയും വളവും നൽകാൻ കഴിയും. ഇടവിള കൃഷിയും എളുപ്പമായി.
ചോദ്യം: ഇപ്പോൾ എത്ര പ്രദേശത്ത് കരിമ്പ് കൃഷി ചെയ്യുന്നു?
ഉത്തരം: കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും 72 ഏക്കർ ഭൂമിയിൽ കരിമ്പ് കൃഷി ചെയ്തിട്ടുണ്ട്. അതിൽ 20-25 ഏക്കർ കരിമ്പ് വിത്ത് ഉത്പാദനത്തിനായി മാറ്റി വച്ചിട്ടുണ്ട്.
ഇന്ന് നല്ല കരിമ്പ് ഇനങ്ങളുടെ ലഭ്യത വളരെ കുറവാണ്. അതിനാൽ കർഷകർ ഒരേയൊരു ഇനത്തിൽ ആശ്രയിക്കാതെ കുറഞ്ഞത് മൂന്ന് ഇനങ്ങളെങ്കിലും കൃഷി ചെയ്യണമെന്നാണ് എന്റെ അഭിപ്രായം.
ചോദ്യം: ഏക്കറിന് പരമാവധി എത്ര വിളവ് ലഭിച്ചു?
ഉത്തരം: ഹെക്ടറിന് ഏകദേശം 2200 മുതൽ 2300 ക്വിന്റൽ വരെ വിളവ് നേടാനായി. ശരിയായ അകലം, ആഴത്തിലുള്ള ഉഴവ്, മെച്ചപ്പെട്ട ഇനങ്ങൾ, ശാസ്ത്രീയ പരിപാലനം എന്നിവയാണ് ഇതിന്റെ പ്രധാന കാരണം.
ചോദ്യം: ഇടനിലകൃഷി രീതിയുടെ ഗുണങ്ങൾ എന്തെല്ലാം?
ഉത്തരം: ഇടനിലകൃഷി കർഷകർക്ക് ഏറെ ഗുണകരമായ ഒരു രീതിയാണ്. കരിമ്പിന് ഇടയിലെ ഒഴിവുള്ള സ്ഥലത്ത് മറ്റ് വിളകൾ കൃഷി ചെയ്യാം. ഇതിലൂടെ അധിക വരുമാനവും പ്രധാന വിളയുടെ ചെലവും തിരികെ ലഭിക്കും.
ഞങ്ങൾ കടുക്, പരിപ്പ്, ഉഴുന്ന്, പയർ, ഗോതമ്പ്, കടല, വിവിധ പച്ചക്കറികൾ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. ഇപ്പോൾ പല നിറങ്ങളിലുള്ള ക്യാപ്‌സിക്കം കൃഷി ചെയ്തിട്ടുണ്ട്. അത് കാണാൻ ദൂരങ്ങളിൽ നിന്ന് വരെ കർഷകർ എത്തുന്നുണ്ട്. ബ്രോക്കോളി, കാബേജ് പോലെയുള്ള വിളകളിൽ നിന്നും നല്ല ലാഭം ലഭിക്കുന്നു.
ചോദ്യം: ജൈവ, സുസ്ഥിര കൃഷിയിലേക്കുള്ള താത്പര്യം എങ്ങനെ വർധിച്ചു?
ഉത്തരം: ഡൽഹിയിൽ സംഘടിപ്പിച്ച 'Make India Organic, Natural and Profitable (MIONP)' പരിപാടിയിൽ ഞാൻ പങ്കെടുത്തിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കാർഷിക ശാസ്ത്രജ്ഞരും കർഷകരും പ്രസ്തുത ചടങ്ങിന്റെ ഭാഗമായിരുന്നു. അവിടെ പോയപ്പോഴാണ് രാസകൃഷി ദീർഘകാലത്തിൽ ആരോഗ്യത്തിനും മണ്ണിനും ഒരുപോലെ ഹാനികരമായേക്കാമെന്ന് എനിക്ക് മനസ്സിലായത്.
അതുകൊണ്ടാണ് പതിയെ ജൈവ-പ്രകൃതി കൃഷിയിലേക്ക് നീങ്ങാൻ തുടങ്ങിയത്. ഇന്ന് ഞങ്ങൾ ജീവാമൃതം, ധനാമൃതം, ജൈവവളങ്ങൾ എന്നിവ ഉപയോഗിക്കുന്നു.
ചോദ്യം: ജൈവകൃഷിയിലെ ഏറ്റവും വലിയ വെല്ലുവിളി എന്ത്?
ഉത്തരം: ജൈവകൃഷിയിൽ ഏറ്റവും പ്രധാനപ്പെട്ടത് ക്ഷമയാണ്. ആദ്യ വർഷം ഉത്പാദനം കുറയാം, കാരണം കർഷകർക്ക് പൂർണ ധാരണ ഉണ്ടാകണമെന്നില്ല. എന്റെ കാര്യത്തിലും അങ്ങനെ സംഭവിച്ചു.
യൂറിയയും ഡി.എ.പി യും ഇല്ലാതെ കൃഷി നടക്കില്ലെന്ന് ആളുകൾ പരിഹസിച്ചു. എന്നാൽ രണ്ടാം വർഷം നമ്മുടെ ഉത്പാദനം 20-25 ശതമാനം വരെ വർധിച്ചു. അതുകൊണ്ടുതന്നെ ചെറിയ വിസ്തൃതിയിൽ നിന്ന് ജൈവകൃഷി ആരംഭിക്കണമെന്നാണ് എനിക്ക് കർഷകരോട് പറയാനുള്ളത്.
ചോദ്യം: മണ്ണിന്റെ ഫലഭൂയിഷ്ഠത നിലനിർത്താൻ എന്താണ് ചെയ്യുന്നത്?
ഉത്തരം: മണ്ണിന്റെ ആരോഗ്യം ഏറ്റവും പ്രധാനമാണ്. ഞങ്ങൾ ആഴത്തിലുള്ള ഉഴവിന് കൂടുതൽ പ്രാധാന്യം നൽകുന്നു. തുടർച്ചയായി റോട്ടാവേറ്റർ ഉപയോഗിച്ചാൽ മണ്ണിന്റെ അടിഭാഗം കട്ടിയാകും. അതിനാൽ സബ്‌സോയിലർ, ഡിസ്ക് പ്ലൗ എന്നിവ ഉപയോഗിക്കുന്നതാണ് കൂടുതൽ അനിവാര്യം.
ഇതിലൂടെ വെള്ളം മണ്ണിന്റെ ആഴത്തിലേക്ക് എത്തുകയും നനവ് കൂടുതൽ കാലം നിലനിൽക്കുകയും ചെയ്യും. ജലസേചനത്തിന്റെ ആവശ്യകത കുറയുകയും ഉത്പാദനം വർധിക്കുകയും ചെയ്യുന്നു.
ചോദ്യം: കരിമ്പ് കൃഷിയിലെ ഏറ്റവും വലിയ വെല്ലുവിളി എന്താണ്?
ഉത്തരം: തൊഴിലാളി ചെലവാണ് ഏറ്റവും വലിയ വെല്ലുവിളി. കരിമ്പ് മുറിയ്ക്കൽ, വൃത്തിയാക്കൽ, കെട്ടിക്കൽ, ചുമട്ട് എന്നിവയ്ക്ക് കൂടുതൽ തൊഴിലാളികൾ ആവശ്യമാണ്. കൃഷിയുടെ 90 ശതമാനവും മെക്കനൈസേഷനിലേക്ക് മാറിയിട്ടുണ്ടെങ്കിലും കുറഞ്ഞ ചെലവിൽ ലഭ്യമായ കരിമ്പ് ഹാർവെസ്റ്ററുകളുടെ കുറവുണ്ട്. നല്ലതും വില കുറഞ്ഞതുമായ കരിമ്പ് ഹാർവെസ്റ്റർ ലഭ്യമായാൽ കർഷകരുടെ ചെലവ് ഗണ്യമായി കുറയും.
ചോദ്യം: ഇന്ത്യയിൽ പൂർണ്ണമായും രാസമുക്ത കൃഷി സാധ്യമാണോ?
ഉത്തരം: വാസ്തവത്തിൽ ഇത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്, പക്ഷേ അസാധ്യമല്ല. കർഷകർ ചെറിയ തോതിൽ ജൈവകൃഷി ആരംഭിച്ച് ഫലങ്ങൾ മനസ്സിലാക്കിയാൽ നമുക്കിത് സാധ്യമാക്കാവുന്നതാണ്.
ഇന്ന് രാസവളങ്ങളുടെ കുറവും ഉയർന്ന വിലയും ആരോഗ്യപ്രശ്നങ്ങളും വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രകൃതി കൃഷി മികച്ച ഒരു വഴിയാണ്.
ചോദ്യം: സർക്കാർ പദ്ധതികൾ മതിയായതാണെന്ന് തോന്നുന്നുണ്ടോ?
ഉത്തരം: എന്റെ അഭിപ്രായത്തിൽ കർഷകരിൽ അവബോധത്തിന്റെ കുറവുണ്ട്. സർക്കാർ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെങ്കിലും ഗ്രാമതലത്തിൽ അതിന്റെ വിവരങ്ങൾ എല്ലാവർക്കും ലഭിക്കുന്നില്ല. ഇന്നും പല കർഷകരും ജൈവകൃഷിയെ ഗൗരവമായി കാണുന്നില്ല.
കർഷകർക്ക് കൂടുതൽ പരിശീലനവും പ്രായോഗിക അറിവും നൽകേണ്ടത് അത്യാവശ്യമാണ്.
ചോദ്യം: അടുത്ത അഞ്ച് വർഷത്തിൽ നിങ്ങളുടെ ഫാം എങ്ങനെ കാണാൻ ആഗ്രഹിക്കുന്നു?
ഉത്തരം: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എന്റെ ഫാം പൂർണ്ണമായും ഓട്ടോമേഷൻ, മെക്കനൈസേഷൻ അടിസ്ഥാനമാക്കിയതാക്കുകയാണ് സ്വപ്നം. തൊഴിലാളി ചെലവ് ഏകദേശം പൂജ്യത്തിലേക്ക് കുറയ്ക്കാനാണ് ലക്ഷ്യം.
അതോടൊപ്പം, നമ്മുടെ പ്രദേശത്ത് ഒരു 'ഫാർമർ സ്കൂൾ' ആരംഭിക്കാനും ആഗ്രഹമുണ്ട്. അവിടെ കർഷകർക്ക് ആധുനിക കൃഷി, ജൈവകൃഷി, പുതിയ സാങ്കേതിക വിദ്യകൾ എന്നിവയിൽ പരിശീലനം നൽകാൻ ഉദ്ദേശിക്കുന്നു.
ചോദ്യം: ഇപ്പോഴത്തെ വാർഷിക വിറ്റുവരവ് എത്രയാണ്?
ഉത്തരം: ഇപ്പോൾ നമ്മുടെ വാർഷിക വിറ്റുവരവ് ഏകദേശം 2 കോടി രൂപയായി എത്തിയിട്ടുണ്ട്. ഇനി അതിനെ കൂടുതൽ വർധിപ്പിക്കുകയും കൃഷിയെ പൂർണ്ണമായും സുസ്ഥിര മാതൃകയിലേക്ക് മാറ്റുകയും ചെയ്യുകയാണ് ലക്ഷ്യം.
English Summary: Sugarcane cultivation on 72 acres, intercropping model, annual income of 2 crores - Sartaj Khan's success story
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments