മഹാമാരിയുടെ കാലഘട്ടത്തിലൂടെ കടന്നുവന്നതിനാൽ ആരോഗ്യവും പ്രതിരോധശേഷിയുമാണ് ഏറ്റവും കൂടുതൽ പ്രാധാന്യമുള്ളതെന്ന് ഇപ്പോൾ എല്ലാവരും മനസിലാക്കുന്നു. രോഗപ്രതിരോധശേഷി നേടാൻ പ്രകൃതിദത്തമായ ഉപായങ്ങളും, മികച്ച ഭക്ഷണങ്ങളും മനുഷ്യൻ അന്വേഷിച്ചു തുടങ്ങി. കാരണം, രോഗങ്ങളെ ചെറുക്കാൻ ശരീരത്തിന് ശേഷി കുറവാണെങ്കിൽ അത് പകർച്ചവ്യാധികളും മഹാമാരികളും അനായാസം പിടിപെടാൻ കാരണമാകും.
ബന്ധപ്പെട്ട വാർത്തകൾ: ഓറഞ്ച് ജ്യൂസിന് ഇത്രയും ഗുണങ്ങളോ...
അതുകൊണ്ടാണ് പൊതുവെ പ്രതിരോധശേഷി കൂടുതലുണ്ടായിരുന്നവർ കൊറോണ ഉൾപ്പെടെയുള്ള വൈറസുകളെ പരാജയപ്പെടുത്തിയത്.
പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് ചിലർ ഭക്ഷണങ്ങളിൽ അല്ല ശ്രദ്ധ നൽകുന്നത്, മരുന്നുകളിലൂടെയും കഷായം കുടിച്ചുമായിരിക്കും ഉപായം കണ്ടെത്തുന്നത്. എന്നാൽ, വിദഗ്ധരുടെ അഭിപ്രായത്തിൽ, ആരോഗ്യം നിലനിർത്താൻ ഏതെങ്കിലും രീതി പരീക്ഷിക്കുന്നതിന് മുമ്പ് അവ ശരിക്കും ശരീരത്തിന് ഗുണമാണോ ദോഷമാണോ എന്ന് അറിഞ്ഞിരിക്കണം.
മിഥ്യാധാരണകൾ തിരിച്ചറിയുക
അതായത്, ഏതൊക്കെ ഭക്ഷണങ്ങളും മരുന്നുകളും രീതികളുമാണ് പ്രതിരോധ ശേഷി നൽകുന്നതെന്ന് അറിഞ്ഞിരിക്കണം. കാരണം, പ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾക്കായി ആളുകൾക്കിടയിൽ മിഥ്യാധാരണകൾ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇത് ശരീരത്തിന് ഗുണത്തിന് പകരം ദോഷമാണ് ചെയ്യുന്നത്. ഭക്ഷണവുമായി ബന്ധപ്പെട്ട ഇത്തരം മിഥ്യകളും അവയുടെ പിന്നിലെ സത്യവും അറിയാം.
1. കൂടുതൽ വിറ്റാമിൻ സി കഴിക്കണം
വിറ്റാമിൻ സി നമ്മുടെ ശരീരത്തെ ഉള്ളിൽ നിന്ന് ശക്തിപ്പെടുത്തുകയും രോഗങ്ങളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു എന്നത് സത്യമാണ്. എന്നാൽ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നത് ആരോഗ്യത്തിന് പല വിധത്തിലുള്ള ദോഷങ്ങളും ഉണ്ടാക്കും. 19 വയസ്സിന് മുകളിലുള്ള ഒരാൾ ഒരു ദിവസം 2000 മില്ലിഗ്രാം വിറ്റാമിൻ സി കഴിക്കാം. എങ്കിലും, നിങ്ങളുടെ ശരീരത്തിന് വിറ്റാമിൻ സിയുടെ അധിക ഭാരം താങ്ങാൻ കഴിയില്ലെന്നതും മനസിലാക്കുക.
2. സൂപ്പർഫുഡ് എല്ലാ രോഗങ്ങൾക്കും പ്രതിവിധിയാണ്
ആരോഗ്യം നിലനിർത്താനും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും ആളുകൾ പലതരം സൂപ്പർഫുഡുകൾ ഉപയോഗിക്കുന്നു. വിദഗ്ധരുടെ അഭിപ്രായത്തിൽ, പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് പകരം ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് വളരെ പ്രധാനമാണ്.
എല്ലാ രോഗങ്ങളുടെയും ചികിത്സയ്ക്കായി കുറച്ച് സൂപ്പർഫുഡുകളെ ആശ്രയിക്കുന്ന പ്രവണത തെറ്റാണ്. പകരം, ദിവസവും വ്യത്യസ്ത തരത്തിലുള്ള, ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുക. പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, കാർബോഹൈഡ്രേറ്റുകൾ, മറ്റ് പോഷകങ്ങൾ എന്നിവയാൽ സമ്പുഷ്ടമായ ഒരു സമീകൃത ഭക്ഷണക്രമം പിന്തുടരുക.
3. സിട്രസ് പഴങ്ങൾ ബെസ്റ്റാണോ!
സിട്രസ് പഴങ്ങൾ കൊണ്ട് മാത്രമേ പ്രതിരോധശേഷി വർധിപ്പിക്കാൻ കഴിയൂ എന്ന വിശ്വാസവും ആളുകൾക്കിടയിലുണ്ട്. നാരങ്ങ, ഓറഞ്ച്, കിവി, മുന്തിരി എന്നിവയെ ആണ് ആളുകൾ ഇത്തരത്തിൽ അമിതമായി വിശ്വസിക്കുന്നത്. വിറ്റാമിൻ സിയുടെ പവർ ഹൗസ് എന്ന് വിളിക്കപ്പെടുന്ന ഈ പഴങ്ങൾ ആളുകൾ അമിതമായി കഴിക്കാറുണ്ട്. ഇവ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കാൻ പ്രവർത്തിക്കുന്നുവെങ്കിലും, അമിതമാകുന്നത് ശരീരത്തിന് ഒട്ടും നല്ലതല്ല.
Share your comments