സ്വന്തമായി ഒരു വീടെന്നത് ഓരോരുത്തരുടെയും സ്വപ്നമാണ്. ഒരുപക്ഷേ ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നതുമാണത്. അതുകൊണ്ട് വീടുപണിയാൻ ശ്രമിക്കുന്നവർ പ്രധാനപ്പെട്ട ഒത്തിരി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം,ആ വീട്ടിൽ താമസിച്ചുകൊണ്ടാണ് ജീവിതത്തിന്റെ നല്ല വഴിത്താരകളിലൂടെ പ്രവർത്തിക്കേണ്ടതും യാത്രചെയ്യേണ്ടതും.
വാസ്തുശാസ്ത്രത്തിന്റെ പേരിൽ ചിലയിടങ്ങളിൽ ചിലരൊക്കെ തെറ്റായ പ്രചരണങ്ങൾ നടത്തുന്നുവെങ്കിലും അച്ചടക്കത്തോടെയുള്ള വാസ്തുശാസ്ത്രമെന്നത് ചിട്ടയായ ജീവിതത്തിന് അനിവാര്യമാണ്. വീടുപണിയുന്നതിനായുള്ള ചിന്തയിൽ തുടങ്ങി സ്ഥലം കണ്ടെത്തുന്നതുവരെയുള്ള കാര്യങ്ങളിൽപ്പോലും അതീവശ്രദ്ധ ആവശ്യമാണ്.
കാരണം ചിന്തയിൽ നിന്നാണ് ഒരുവൻ നിർമിക്കാനുദ്ദേശിക്കുന്ന വീട് രൂപപ്പെടുന്നത്. സ്ഥലം തെരഞ്ഞെടുക്കുമ്പോൾ പരമാവധി ശ്രദ്ധചെലുത്തിയാൽ നന്നായിരിക്കും.
മൂന്നോ അഞ്ചോ കോണുകളുള്ളതും അർധചന്ദ്രാകൃതിയും വൃത്താകൃതിയുമുള്ളതുമായ ഭൂമി വീടുപണിക്ക് യോഗ്യമല്ലെന്നാണ് ഭാരതീയ വാസ്തുശാസ്ത്രം പറയുന്നത്.
നടുഭാഗം മുറംപോലെതാണതോ കുടപോലെ ഉയർന്നതോ ആയ ഭൂമിയും തെരഞ്ഞെടുക്കരുതെന്ന് വിധിയുണ്ട്. എന്നാൽ മറ്റൊരു വഴി മുന്നിലില്ലെങ്കിൽ ഇത്തരത്തിലുള്ള സ്ഥലത്തെ യോഗ്യമാക്കി മാറ്റിയെടുക്കാവുന്നതാണ്. ശൂലം, ഗോമുഖം, ആന, ആമ എന്നിവയുടെ പുറംപോലെയുള്ള ഭൂമിയും വീടുപണിക്ക് നന്നല്ല.
കുഴിക്കുമ്പോൾ ചിതൽപുറ്റ്, ഉമി, മുടി, കല്ല്, കരി, ചാരം, അസ്ഥി എന്നിവ കാണപ്പെട്ടാൽ ആ ഭൂമിയും വീടുപണിക്ക് നല്ലതല്ലെന്നാണ് അഭിപ്രായം. പ്രായോഗികമായ കാരണങ്ങളായിരിക്കാം ഇത്തരത്തിലൊരു നിർദ്ദേശത്തിന് മുൻതലമുറയെ പ്രേരിപ്പിച്ചത്. ദുർഗന്ധം വമിക്കുന്ന ഭൂമിയിലും വീടുപണിയരുതെന്ന് വിധിയുണ്ട്. അങ്ങനെ ചെയ്താൽ വന്നുപെടാവുന്ന ബുദ്ധിമുട്ടുകൾ വാസ്തുശാസ്ത്രം അറിയാത്തവർക്കുകൂടി ഊഹിക്കാവുന്നതേയുള്ളു.
എങ്കിലും സൗകര്യങ്ങൾക്കനുസൃതമായ ചുറ്റുപാടുകളിൽ ഇണങ്ങി കഴിവതും ശുദ്ധമായതും പാറക്കെട്ടുകൾ നിറയാത്തതുമായ ഒരു ഭൂമി തെരഞ്ഞെടുത്ത് വീടുപണി ചെയ്യാവുന്നതേയുള്ളു.
Share your comments