നമ്മുടെ അടുക്കളത്തോട്ടത്തിൽ ഉണ്ടായിരിക്കേണ്ട വിളകളിൽ ഏറെ പ്രാധാന്യമുള്ളതാണ് മുളക്. രുചിക്കൂട്ടുകളിൽ മലയാളിക്ക് ഏറെ പ്രിയപ്പെട്ട രുചിയാണ് എരിവ്. നമ്മുടെ ഒട്ടു മിക്ക കറികളിലും മുളകിന് അതിപ്രധാന സ്ഥാനമാണ് ഉള്ളത്. അതുകൊണ്ടുതന്നെ മുളക് വെച്ച് പിടിപ്പിക്കേണ്ടതിൻറെ അനിവാര്യത നിങ്ങൾക്ക് അറിയാലോ. എന്നാൽ മുളക് കൃഷി ചെയ്യുന്നവർക്ക് ഏറെ തലവേദന സൃഷ്ടിക്കുന്ന ഒന്നാണ് മുളകിന്റെ കുരുടിപ്പും, ഉറുമ്പു പോലുള്ള പ്രാണികളുടെ ശല്യവും. ഈ രണ്ടു പ്രശ്നങ്ങളും പരിഹരിക്കാനുള്ള അത്യുഗ്രൻ കീടനാശിനി ഇനി നിങ്ങൾക്ക് വീട്ടിൽ നിർമ്മിക്കാം. കീടങ്ങളുടെ ആക്രമണമാണ് മുളകിന്റെ കുരുടിപ്പിന് കാരണം. വെള്ളീച്ച, മുഞ്ഞ ഇലപ്പേൻ തുടങ്ങിയവ ഇലകളിൽ നിന്ന് നീരൂറ്റി കുടിക്കുമ്പോൾ ആണ് കുരുടിപ്പ് രോഗം ഉണ്ടാവുന്നത്. കൂടാതെ ഇലപ്പേനും മുഞ്ഞയും വൈറസിനെ തൊട്ടടുത്ത ചെടിയിലേക്ക് പരത്തുകയും ചെയ്യുന്നു. കുരുടിപ്പ് രോഗം വന്നാൽ ഇലകൾ ചുരുണ്ടു പോകുകയും ചെടിയുടെ വളർച്ച തന്നെ മുരടിച്ചു പോവുകയും ചെയ്യുന്നു. ഇതു പരിഹരിക്കാൻ ദൈനംദിന ആവശ്യങ്ങൾക്ക് വേണ്ടി നാം വീട്ടിൽ വാങ്ങുന്ന സവാള മാത്രം മതിയെന്ന് നിങ്ങളിൽ എത്രപേർക്ക് അറിയാം.
ഈ മിശ്രിതം തയ്യാറാക്കുവാൻ പ്രധാനമായും വേണ്ടത് വെളുത്തുള്ളിയും സവാളയും ആണ്. ഒരു സവാള തൊലി കളയാതെ ചെറുതായി അരിഞ്ഞതും, ആറ് അല്ലി വെളുത്തുള്ളിയും, 2 സ്പൂൺ മുളകുപൊടിയും അല്ലെങ്കിൽ 5 കാന്താരി മുളകും, 5 ചെറിയ കറുവപ്പട്ടയുടെ കഷണങ്ങളും അല്പം വെള്ളവും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. അതിനുശേഷം ഈ മിശ്രിതം ഒരു പാത്രത്തിലേക്ക് ഒഴിക്കുക. ഇതിലേക്ക് ഒരു കപ്പ് വെള്ളവും ചേർത്ത് നന്നായി ഇളക്കുക. അതിനുശേഷം അരിപ്പയോ തുണിയോ ഉപയോഗിച്ച് ഇതിൻറെ സത്ത് അരിച്ചെടുക്കുക. സ്പ്രേയർ ഉപയോഗിച്ചോ ബ്രഷ് ഉപയോഗിച്ചോ ഇലകളിൽ ഇത് തളിച്ചു കൊടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ഈ മിശ്രിതവും വെള്ളവും സമാസമം ആയി എടുത്തു വേണം ഉപയോഗിക്കുവാൻ. അതായത് ഒരു ലിറ്റർ സ്പ്രേയർ ആണ് ഉപയോഗിക്കുന്നതെങ്കിൽ അര ലിറ്റർ മിശ്രിതവും അരലിറ്റർ വെള്ളവും കൂടി കലർത്തുക.
ഇങ്ങനെ തയ്യാറാക്കിയ ലായനിയിൽ പാത്രം കഴുകുവാൻ ഉപയോഗിക്കുന്ന ലിക്വിഡ് രൂപത്തിലുള്ള വിമ്മോ ,അല്ലെങ്കിൽ ദ്രാവകരൂപത്തിലുള്ള ഏത് ഡിഷ് വാഷോ ഒഴിച്ചു കൊടുക്കാം. വിം ആണെങ്കിൽ ശരാശരി അഞ്ചു തുള്ളി മതി. അതിനുശേഷം സ്പ്രേയർ നന്നായി കുലുക്കി ഇലകളുടെ താഴം ഭാഗത്ത് അടിച്ചു കൊടുക്കുക. വെയിൽ ഉള്ള ദിവസങ്ങളിൽ ഈ മിശ്രിതം അടിച്ചു കൊടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. ദ്രാവകരൂപത്തിലുള്ള ലിക്വിഡ് ഇതിൽ ചേർക്കുന്നത് കൊണ്ട് ഇത് ഇലകളിൽ പറ്റിപ്പിടിച്ചിരുന്നു കൊള്ളും. 2 ദിവസം ഇടവിട്ട് ഇങ്ങനെ ചെയ്യുക. ഈ മിശ്രിതം ഉണ്ടാക്കി ഒന്നര ആഴ്ചയോളം നമുക്ക് വച്ച് ഉപയോഗിക്കാം ആവശ്യാനുസരണം വെള്ളം ചേർത്ത് ഉപയോഗിച്ചാൽ മതി. ഇങ്ങനെ ചെയ്താൽ മുളകിന് കുരുടിപ്പ് മാറുകയും ഉറുമ്പു പോലുള്ള കീടങ്ങൾ ചെടിയിൽ ഇല്ലാതാവുകയും ചെയ്യും. കൂടുതൽ പൂക്കൾ ഉണ്ടാവാനും ഇതിൻറെ പ്രയോഗം നല്ലതാണ്. മുളക് കൃഷി ചെയ്യുന്നവർ പ്രധാനമായും രോഗപ്രതിരോധശേഷി കൂടിയ ഇനങ്ങൾ അതായത് ഉജ്ജ്വല,, അനുഗ്രഹ, വെള്ളായണി അതുല്യ, ജ്വാലാമുഖി ജ്വാലാ സഖീ തുടങ്ങി നല്ല ഇനങ്ങൾ തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
വിഷമില്ലാത്ത മല്ലിയില ഇനി നിങ്ങളുടെ അടുക്കള തോട്ടത്തിലും
കഞ്ഞിവെള്ളം ഇനി വെറുതെ കളയണ്ട...
മാവിന്റെ തളിരിലകൾ കൊഴിഞ്ഞു വീഴാതിരിക്കാൻ ഇതാ ഒരു പരിഹാരമാർഗം
മഗ്നീഷ്യം മണ്ണിലുണ്ടായാലേ ഇലമഞ്ഞളിപ്പ് ഇല്ലാതാവൂ
രോഗപ്രതിരോധശേഷി കൂട്ടാൻ മുക്കുറ്റി മാത്രം മതി
മട്ടുപ്പാവിൽ വളർത്താവുന്ന "പികെഎം -1" പുളിത്തൈകൾ
Share your comments