നമ്മുടെ നാട്ടുവഴിയോരത്തു മധുരകനികൾ പേറി നിൽക്കുന്ന ഫലവൃക്ഷമാണ് 'പപ്പായ'. കൊപ്പക്കായ, കപ്പങ്ങ, കപ്ലങ്ങ എന്നിങ്ങനെ വിവിധ ദേശനാമങ്ങളിൽ അറിയപ്പെടുന്നത് ഈ ഫലവൃക്ഷമാണ്. വിശറി പോലുള്ള ഇലകൾക്ക് താഴെ പച്ചപ്പട്ടുടുത്ത അതിമനോഹാരികളായ കായകൾ കണ്ണിന് ഏറെ കുളിർമ പകരുന്നു. വിറ്റാമിൻ എ യുടെ കലവറയായ പപ്പായ നിരവധി ആരോഗ്യഗുണങ്ങൾ പ്രധാനം ചെയ്യുന്നു. സൗന്ദര്യസംരക്ഷണത്തിനും ഇത് ഏറെ മികവുറ്റതാണ്. ഇതിന്റെ ആരോഗ്യ ഗുണങ്ങൾക്കപ്പുറം ഇതിന്റെ മറ്റു സാധ്യതകൾ നമ്മളിൽ പലരും അറിയുന്നില്ല. നമ്മുടെ പച്ചക്കറിത്തോട്ടങ്ങളിലും പൂന്തോട്ടത്തിലും ഉണ്ടാവുന്ന നിരവധി കീടങ്ങളെ അകറ്റുകയും ചെടിയുടെ വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്ന മികച്ച ഒരു ജൈവകീടനാശിനി ആണ് പപ്പായ. പപ്പായ സത്തു ചെടികളിൽ തളിച്ച് കൊടുത്താൽ ഇലകളിൽ കാണുന്ന വെളീച്ച, മുഞ്ഞ, ഒച്ച്, ഉറുമ്പ് തുടങ്ങിയ സകല കീടങ്ങൾ ഇല്ലാതാവുകയും ഇലകളുടെ മഞ്ഞളിപ്പ് ചെടികളുടെ വാട്ടരോഗം, കുരുടിപ്പ്, ചീയൽ തുടങ്ങി നിരവധി പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്യുന്നു.
If papaya leaf extract is sprayed on plants, it will destroy all pests from the vegetable plants and garden. You can make this excellent bio-pesticide at home which gives more benefits at no cost.
ഒട്ടും ചിലവില്ലാത്ത കൂടുതൽ ഗുണം നൽകുന്ന മികച്ച ഈ ജൈവകീടനാശിനി നിങ്ങൾക്ക് വീട്ടിൽ തന്നെ നിർമ്മിക്കാം. ഒരു ദിവസം മാത്രം വച്ച് ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള മിശ്രിതത്തിന്റെ കണക്കാണ് ഇവിടെ പരാമർശിക്കുന്നത്. ഏറ്റവും പുതിയ ഇലകൾ മാത്രമേ ഈ കീടനാശിനി തയ്യാറാക്കുവാൻ തിരഞ്ഞെടുക്കാവൂ. ഒരു വലിയ പപ്പായയുടെ ഇലയോ അല്ലെങ്കിൽ ചെറിയ നാലു പപ്പായയുടെ ഇലയോ നന്നായി ചെറുതാക്കി അരിഞ്ഞെടുക്കുക, അതിനു ശേഷം ഈ അരിഞ്ഞെടുത്ത ഇലകൾ ഒന്നര ഗ്ലാസ് വെള്ളം ചേർത്ത് പന്ത്രണ്ട് മണിക്കൂർ കുതിർക്കാൻ വയ്ക്കുക. ഇതിലേക്ക് നന്നായി ചതച്ചെടുത്ത നാലു അല്ലി വെളുത്തുള്ളി കൂടി ചേർക്കുവാൻ പ്രത്യേകം ഓർമ്മിക്കണം. പന്ത്രണ്ട് മണിക്കൂറിന് ശേഷം ഇത് വെള്ളത്തോടു കൂടി മിക്സിയിൽ അടിച്ചെടുക്കുകയും അല്ലെങ്കിൽ കൈ ഉപയോഗിച്ച് നന്നായി ഞെരണ്ടി നീര് എടുക്കുകയോ ചെയ്യുക.അരിപ്പയോ തുണിയോ ഉപയോഗിച്ച് ഒരു ഗ്ലാസ്സോളം നീരെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഈ നീരിലേക്ക് ഒരു ഗ്ലാസ് കഞ്ഞിവെള്ളവും ഒരു ഗ്ലാസ് പച്ചവെള്ളവും ചേർത്ത് ഈ മിശ്രിതം തയ്യാറാക്കാം.
ഈ മിശ്രിതം കുപ്പിയിലാക്കി ഏതെങ്കിലും രീതിയിൽ രോഗബാധയുള്ളതും കീടങ്ങൾ ഉള്ളതുമായ ചെടിയിൽ സ്പ്രേ ചെയ്യുക. ആഴ്ച്ചയിൽ ഒരു ദിവസം മാത്രം ഈ പ്രയോഗം ചെയ്താൽ മതി അതിന്റെ ഗുണം നിങ്ങൾക്ക് തന്നെ കാണാൻ സാധിക്കുന്നതാണ്. മഴയുള്ള ദിവസങ്ങളിൽ ഇത് ചെടികളിൽ പ്രയോഗിക്കരുത്. നല്ല വെയിൽ ഉള്ള ദിവസങ്ങളിൽ രാവിലെ തന്നെ ഇത് പ്രയോഗിക്കുന്നതാണ് ഫലം ലഭിക്കുവാൻ കൂടുതൽ നല്ലത്.
പയറുകളിൽ കാണുന്ന മുഞ്ഞ, വെളീച്ച തുടങ്ങിയ കീടങ്ങൾ തക്കാളിയുടെ ഇല മഞ്ഞളിപ്പ്, വഴുതനങ്ങയിലെ കായീച്ച ശല്യം പൂച്ചെടികളിലെ മൊട്ടു കൊഴിയൽ ഇലകളിൽ കാണുന്ന അനവധി കീടങ്ങൾ എല്ലാത്തിനും ഒരു അത്യുഗ്രൻ പ്രതിവിധിയാണ് ഈ ജൈവ കീടനാശിനി. അധിക സമയച്ചെലവില്ലാത്ത ഈ ജൈവകീടനാശിനി ഇന്ന് തന്നെ വീട്ടിൽ നിർമ്മിക്കു ഫലം കാണൂ!
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
കമ്മ്യൂണിസ്റ്റ് പച്ചയുടെ അറിയാപ്പുറങ്ങൾ
ആരോഗ്യപരിപാലനം മുതൽ ഗൃഹശുചീകരണം വരെ ഒറ്റക്ക് ചെയ്യും ഈ ഇത്തിരിക്കുഞ്ഞൻ...
Share your comments