ആരോഗ്യം പ്രദാനം ചെയ്യുന്ന മല്ലിയില ഇനി നിങ്ങളുടെ വീടുകളിൽ എളുപ്പത്തിൽ കൃഷി ചെയ്യാം നല്ല നീർവാർച്ചയുള്ള മണ്ണും സൂര്യപ്രകാശം അധികം ലഭിക്കാത്ത സ്ഥലവും തെരഞ്ഞെടുത്താൽ ഈ കൃഷി ആദായകരമാക്കാം. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മല്ലിയിലയേക്കാൾ എത്രയോ നല്ലതാണ് നമ്മുടെ വീട്ടിൽ കൃഷി ചെയ്യുന്ന മല്ലിയില. കറികളിൽ മല്ലിയില ഇട്ടാൽ രുചി കൂടുമെന്നു മാത്രമല്ല നമ്മുടെ ദഹനപ്രക്രിയ വേഗത്തിൽ ആവുകയും ചെയ്യും അസിഡിറ്റി കുറയ്ക്കുവാൻ മല്ലിയിലയെക്കാൾ മികച്ചത് വേറെയില്ല.
നമ്മുടെ വീട്ടാവശ്യത്തിന് വാങ്ങുന്ന മല്ലിയോ അല്ലെങ്കിൽ വിപണിയിൽ ലഭ്യമാവുന്ന മല്ലിയുടെ വിത്തോ ഉപയോഗിച്ച് കൃഷി ആരംഭിക്കാം. ഒരു മല്ലി എടുത്താൽ അതിൽനിന്ന് രണ്ട് അരി അല്ലെങ്കിൽ രണ്ട് വിത്താണ് ലഭ്യമാവുക. നിങ്ങളുടെ കൈവശമുള്ള മല്ലി വിത്തുകൾ ചെറുതായി ചതച്ച് 24മണിക്കൂർ തേയില വെള്ളത്തിലോ അതായത് പഞ്ചസാര ഇടാതെ തിളപ്പിച്ചാറ്റിയ കട്ടൻചായയിലോ അല്ലെങ്കിൽ സുഡോമോണസ് ലായനിയിലോ(1 ലിറ്റർ വെള്ളത്തിൽ ഒരു ടിസ് സ്പൂൺ സുഡോമോണസ്എന്ന അളവിൽ ) കുതിർക്കാൻ വെക്കുക. തേയില വെള്ളത്തിൽ ഇട്ടുവെച്ചാൽ പെട്ടെന്നുതന്നെ കിളിർപ്പ് ഉണ്ടായി വരുന്നത് കാണാം. 24 മണിക്കൂറിനുശേഷം ചകിരിച്ചോറും ചാണകപ്പൊടിയും മണ്ണും ചേർത്ത് തയ്യാറാക്കിയ പോർട്ടിംഗ് മിശ്രിതത്തിലേക്ക് വിത്തുകൾ നടാവുന്നതാണ്. എവിടെയാണോ വിത്ത് മുളപ്പിക്കുന്നത് അവിടെത്തന്നെയാണ് അതിൻറെ പരിപാലനവും സാധ്യമാകൂ. നല്ല ആഴമുള്ള വേരുകൾ ആയതിനാൽ പറിച്ചുനടൽ മല്ലി ചെടിക്ക് ദോഷകരമായി ഭവിക്കും. വിത്ത് പാകിയതിനുശേഷം മണ്ണോ ചകിരിചോറോ അതിനുമുകളിൽ ഇട്ടതിനുശേഷം അല്പം വെള്ളം കൂടി ഒഴിച്ച് കൊടുക്കുവാൻ മറക്കരുത്. കിളിർത്തു വരുന്നതുവരെ വെള്ളം ഒഴിച്ചുകൊടുക്കണം. 5-6 ദിവസം ആകുമ്പോൾ തന്നെ ഇത് കിളിർത്തു വരുന്നത് നമുക്ക് കാണാം. മുളച്ചു രണ്ടിഞ്ച് ഉയരം വരുമ്പോൾ ആണ് വളം നൽകേണ്ടത്.
നിങ്ങളുടെ വീട്ടിൽ വേസ്റ്റായി വരുന്ന പച്ചക്കറി അവശിഷ്ടങ്ങളും ചായയില വേസ്റ്റും മുട്ടത്തോടും മാത്രം മതി മല്ലി കൃഷി പൊടിപൊടിക്കാൻ. നിങ്ങളുടെ വീട്ടിൽ ലഭ്യമാവുന്ന ഇത്തരം വേസ്റ്റുകൾ അല്പം വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ഈ മിശ്രിതത്തിലേക്ക് ഒരു ലിറ്റർ വെള്ളം കൂടി ഒഴിച്ച് മൂന്നുദിവസം ഇങ്ങനെ വയ്ക്കുക. എല്ലാദിവസവും ഇളക്കി കൊടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. ഈ മിശ്രിതത്തിലേക്ക് അതിൻറെ 6 ഇരട്ടി വെള്ളം ചേർത്ത് ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇങ്ങനെ ഉപയോഗിച്ചാൽ ചെടിയുടെ വളർച്ച വേഗത്തിലാകും. ഒത്തിരി സൂര്യപ്രകാശം ലഭ്യമാവുന്ന സ്ഥലത്ത് മല്ലിയില വച്ച് പിടിപ്പിക്കരുത്. ഇങ്ങനെ ചെയ്യുന്നത് വഴി മല്ലിയില ചെടി പെട്ടെന്ന് വാടി പോകാനുള്ള സാധ്യത കൂടുതലാണ്. സുഡോമോണസ് ലായനിയും നേർപ്പിച്ച ചാണക വെള്ളവും ചെടിയുടെ വളർച്ചയെ ത്വരിതപ്പെടുത്താൻ നല്ലതാണ്. ചെടി നാലിഞ്ച് ഉയരത്തിൽ ആയാൽ അടിഭാഗത്തുള്ള ഇലകളും ചില്ലകളും നുള്ളി കളയണം. ഇല്ല നുള്ളിയാൽ വളർച്ച വേഗത്തിലാവും എന്ന കാര്യം ഉറപ്പാണ്. ഇതിൻറെ ഇലക്ക് തീക്ഷ്ണ ഗന്ധം ആയതിനാൽ കീടങ്ങളുടെ ആക്രമണം കുറവാണ്. പൂവിട്ടാൽ പുതിയ ഇലകൾ വരാനുള്ള സാധ്യത കുറവാണ്. അതിനാൽ പൂക്കൾ നുള്ളി കളയാൻ ശ്രദ്ധിക്കുക. വിത്തിന് വേണ്ടിയാണെങ്കിൽ മാത്രം പൂക്കൾ നിർത്തുക. കുറഞ്ഞ പരിപാലനം ഉണ്ടെങ്കിൽ ദൈനംദിന ആവശ്യങ്ങൾക്കുള്ള മല്ലിയില വീട്ടിൽ ഉണ്ടാക്കാം.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
കഞ്ഞിവെള്ളം ഇനി വെറുതെ കളയണ്ട...
മാവിന്റെ തളിരിലകൾ കൊഴിഞ്ഞു വീഴാതിരിക്കാൻ ഇതാ ഒരു പരിഹാരമാർഗം
മഗ്നീഷ്യം മണ്ണിലുണ്ടായാലേ ഇലമഞ്ഞളിപ്പ് ഇല്ലാതാവൂ
രോഗപ്രതിരോധശേഷി കൂട്ടാൻ മുക്കുറ്റി മാത്രം മതി
മട്ടുപ്പാവിൽ വളർത്താവുന്ന "പികെഎം -1" പുളിത്തൈകൾ
Share your comments