വിഭവങ്ങൾക്ക് സ്വാദും മണവും നൽകാൻ കറിവേപ്പിലയെക്കാൾ മികച്ചത് വേറെ ഒന്നും ഇല്ല. കറിവേപ്പില നമ്മുടെ ആരോഗ്യജീവിതത്തിൽ വഹിക്കുന്ന പങ്ക് ചെറുതല്ല. പലപ്പോഴും നമ്മുടെ ഭക്ഷണത്തിൽ നിന്ന് മാറ്റിവെയ്ക്കുന്ന കറിവേപ്പിലയുടെ ആരോഗ്യഗുണങ്ങൾ നമ്മളെ അമ്പരിപ്പിക്കും. ഒരായിരം ഗുണങ്ങൾ ഉള്ള ഒരിലയെന്നാണ് നാട്ടു വൈദ്യത്തിലും ഒറ്റമൂലികളിലും പഴമക്കാർ കറിവേപ്പിലയെ കുറിച്ച് പറയുന്നത്. നാട്ടുവൈദ്യത്തിലും ഒറ്റമൂലികളിലും പരമപ്രധാനമായ സ്ഥാനമുണ്ട് കറിവേപ്പിലയ്ക്ക്. കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, മഗ്നീഷ്യം, ചെമ്പു, ധാതുക്കൾ, അമിനോ ആസിഡ്, ഫ്ളോവിനോയിഡുകൾ, ജീവകങ്ങളായ എ, ബി, സി, ഇ, കാർബോഹൈഡ്രേറ്റ്സ് നാരുകൾ എന്നിവയാൽ എല്ലാം സമ്പുഷ്ടമാണ് കറിവേപ്പില. ചുരുക്കത്തിൽ കറിവേപ്പില വെറും കറിവേപ്പിലയല്ലെന്നു മനസിലായില്ലേ!
കറിവേപ്പിലയുടെ ആരോഗ്യ ഗുണങ്ങൾ
കറിവേപ്പിലയുടെ ആരോഗ്യവശങ്ങൾ അറിഞ്ഞല്ലോ, നിങ്ങൾക്ക് അതൊരു അത്ഭുതമായിരിക്കും. നിത്യവും കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ നമ്മുടെ ആരോഗ്യജീവിതം സുഖകരമാക്കാം. ഭക്ഷണത്തിൽ കറിവേപ്പില ചേർത്താൽ ഓർമശക്തി വരെ വർധിപ്പിക്കാമെന്നു പഠനങ്ങൾ വരെ തെളിയിച്ചിട്ടുണ്ട്. കറിവേപ്പിലകളിൽ അടങ്ങിയിരിക്കുന്ന കാർബസോൽ ആൽക്കലൈഡുകളും ടാനിനുകളും കരളാരോഗ്യത്തിന് മികച്ചതാണ്. സിറോസിസ്, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങളിൽ നിന്ന് കരളിനെ സംരക്ഷിക്കുകയും ചെയ്യും. തുമ്മലും മൂക്കൊലിപ്പും സ്ഥിരം അനിഭപ്പെടുന്നവർക്ക് പച്ചമഞ്ഞളും കറിവേപ്പിലയും അരച്ചു ദിവസവും ഒരു ചെറിയ ഉരുള കഴിക്കുന്നത് ഗുണപ്രദമാണ്. വിറ്റാമിൻ എ യുടെ കലവറ ആയതിനാൽ കാഴ്ചശക്തി മികച്ചതാക്കാനും കറിവേപ്പിലക്കു സവിശേഷ കഴിവുണ്ട്. കേശഭംഗി വർദ്ധിപ്പിക്കുവാൻ കറിവേപ്പിലയെക്കാൾ മികച്ചത് വേറെയില്ല. കറിവേപ്പില ഇട്ട് കാച്ചിയ വെളിച്ചെണ്ണ ദിവസവും തലയിൽ തേച്ചു കുളിച്ചാൽ മുടി സമൃദ്ധമായി വളരും. മാത്രമല്ല അകാലനരയും മുടിയുടെ അറ്റം പിളരുന്ന അവസ്ഥ മാറികിട്ടാനും നല്ലതാണ്. കറിവേപ്പില ഭക്ഷണത്തിനു ഉൾപെടുത്തിയാൽ ദഹനം നന്നായി നടക്കുകയും, കൃമിശല്യത്തെ തടയുകയും ചെയ്യും. സ്വരശുദ്ധി വർദ്ധിപ്പിക്കുവാനും ഇതിന്റെ ഉപയോഗം ഏറെ നല്ലതാണ്. ആന്റിബാക്‌ടീരിയൽ ഗുണമുള്ള കറിവേപ്പില ത്വക്ക് സംബന്ധ പ്രശ്നം ഉള്ളവർക്ക് ഒറ്റമൂലിയാണ്. വിവിധതരം അണുബാധകൾ,ത്വക്കിലെ പാടുകൾ എന്നിവ മാറികിട്ടാൻ ഇത് വെള്ളം ചേർത്ത് അരച്ച് കുഴമ്പുരൂപത്തിലാക്കി രോഗബാധയുള്ള സ്ഥലത്തു തേച്ചു പിടിപ്പിച്ചു 30 മിനിറ്റുകൾക്കു ശേഷം കഴുകി കളഞ്ഞാൽ മതി. സൗന്ദര്യ സംരക്ഷണത്തിനും കറിവേപ്പിലയുടെ സ്ഥാനം മഹനീയമാണ്. കറിവേപ്പിലയും തൈരും മിക്സ് ചെയ്ത് ചർമ്മത്തിൽ തേച്ചു പിടിപ്പിച്ചാൽ ചർമ്മ കാന്തി വർദ്ധിപ്പിക്കും. കറിവേപ്പിലയും മഞ്ഞളും ചേർത്ത് അരച്ച് മുഖക്കുരു ഉള്ളയിടത്തു പുരട്ടിയാൽ മുഖക്കുരു മാറിക്കിട്ടും. മുഖക്കുരു ഉണ്ടാവുന്ന പാടുകൾ മാറികിട്ടാൻ ഇതും ഏതാനും തുള്ളി നാരങ്ങാനീര് കുഴമ്പുരൂപത്തിലാക്കി 10 മിനിറ്റ് മുഖക്കുരു ഉള്ളയിടത്തു തേച്ചുപിടിപ്പിച്ചു കഴുകി കളഞ്ഞാൽ മതിയാകും.
സുഹാസിനി എന്ന കറിവേപ്പില ഇനം പരിചയപ്പെടാം
നമ്മുടെ കാലാവസ്ഥക്ക് ഏറെ അനുയോജ്യമാണ് കറിവേപ്പിലകൃഷി. നല്ല രീതിയിൽ സൂര്യപ്രകാശം ലഭ്യമാകുന്നതും നല്ല നീർവാഴ്ചയുള്ളതുമായ സ്ഥലം കൃഷിക്ക് വേണ്ടി തിരഞ്ഞെടുക്കണമെന്നതാണ് ഉത്തമം . വീട്ടിലെ ഗാർഹികാവശിഷ്ടങ്ങൾ മാത്രം മതിയാകും കറിവേപ്പിലയുടെ വളർച്ചയ്ക്ക്. കഞ്ഞിവെള്ള പ്രയോഗമാണ് ഏറ്റവും മികച്ചത്. പലതരത്തിലുള്ള കറിവേപ്പില തൈ ഇനങ്ങൾ വിപണിയിൽ ഇന്ന് ലഭ്യമാണ്. അതിൽ ഏറ്റവും മികച്ചത് ' സുഹാസിനി ' എന്ന ഇനമാണ്. വിത്ത് മുളപ്പിച്ചാണ് ഈ ഇനം ഉണ്ടാക്കുന്നത്. ചെറിയ ഇലകളും അതിതീവ്രഗന്ധവുമാണ് ഇതിന്റെ പ്രത്യേകതകൾ. കറികൾക്ക് രുചി കൂടുവാൻ ' സുഹാസിനിയെക്കാൾ 'മികച്ചത് വേറെ ഇല്ല. സാധാരണ വളപ്രയോഗം തന്നെ മതി ഈ ഇനത്തിനും. മറ്റുള്ള ഇനത്തിനേക്കാൾ വളർച്ച കൂടുതലാണ് ഈ ഇനത്തിന്.
വർഷത്തിൽ നാലു തവണ വരെ പൂക്കുകയും കായ്കുകയും ചെയ്യും. ഇതിൽ നിന്ന് ഉണ്ടാവുന്ന വിത്ത് കൊണ്ട് മാത്രമേ തൈ ഉത്പാദനം സാധ്യമാകൂ. ഒരിക്കലും കൈ കൊണ്ട് കറിവേപ്പില ഒടിക്കാതിരിക്കുക. കത്തി കൊണ്ട് ഒടിക്കുമ്പോൾ മാത്രമേ പുതിയ നാമ്പുകൾ ഉണ്ടാകൂ എന്ന കാര്യം പ്രത്യേകം ഓർക്കുക. കറിവേപ്പില കൃഷി ചെയ്യുന്നവർക്കും, വീട്ടാവശ്യത്തിന് വച്ച് പിടിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കും 'സുഹാസിനി' എന്ന ഇനം തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. കുറഞ്ഞ പരിപാലനം കൂടുതൽ വിളവ് അതാണ് ഈ ഇനത്തിന്റെ പ്രത്യേകത.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
കമ്മ്യൂണിസ്റ്റ് പച്ചയുടെ അറിയാപ്പുറങ്ങൾ
ആരോഗ്യപരിപാലനം മുതൽ ഗൃഹശുചീകരണം വരെ ഒറ്റക്ക് ചെയ്യും ഈ ഇത്തിരിക്കുഞ്ഞൻ...
Share your comments