കൊറോണ എന്ന മഹാമാരി നമ്മുടെ ജീവിതത്തിനെ വളരെയധികം മാറ്റി മറിച്ചിട്ടുണ്ട്. ആഡംബരങ്ങൾ ഒഴിവാക്കി ലളിതമായ ജീവിതം നയിക്കാൻ നമ്മെ പ്രാപ്തരാക്കിയത് ലോക്ക് ഡൗൺ ആണ് എന്ന് എല്ലാവർക്കും അറിയാം. ലോക്ക്ഡൗണിനെ തുടർന്നുണ്ടായ തൊഴിലില്ലായ്മയും ചെറിയതോതിലുള്ള ഭക്ഷ്യക്ഷാമവുമെല്ലാം അതേ വരെ ചെയ്തിരുന്ന പല തൊഴിലുകളെയും നോക്കുകുത്തികളാക്കി മാറ്റിയതും നമ്മൾ കണ്ടതാണ്.
വാഹനങ്ങളിലും ഹോട്ടലുകളിലുമെല്ലാം ജോലിചെയ്തിരുന്ന പലരും കളം മാറ്റി ചവിട്ടി. ചിലർ വിജയം കണ്ടത് പച്ചക്കറി പഴം തുടങ്ങിയ ഉത്പന്നങ്ങളുടെ വില്പന യിലാണ്. വലിയ ഒരുക്കങ്ങൾ ഒന്നും ഇല്ലാതെ എളുപ്പത്തിൽ തുടങ്ങാൻ സാധിക്കുന്ന സംരംഭങ്ങളാണ് അതൊക്കെ. എന്നാൽ വേറെ ചിലരാകട്ടെ കൃഷി മേഖലയിലേക്കാണ് തിരിഞ്ഞത്.
കോവിഡ് 19 ഒരുപാട് പ്രവാസികളെയും നിരാലംബരാക്കിയിട്ടുണ്ട്. ജോലി നഷ്ടപ്പെട്ട് തിരികെ വന്ന പലരും പിന്നീട് കൃഷിയിലേക്കും കോഴി ഫാമിലേക്കുമെല്ലാം തിരിഞ്ഞു. പരിചയമില്ലാതെ ഒരു സംരംഭം തുടങ്ങുമ്പോൾ ഒരുപാട് തിരിച്ചടികൾ നേരിടേണ്ടി വരുന്നത് സ്വാഭാവികമാണ്. മേൽപ്പറഞ്ഞ പുതുസംരംഭകരെല്ലാം ഒരു തരത്തിലലെങ്കിൽ മറ്റൊരുതരത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിച്ചവർ തന്നെയാണ്. തിരിച്ചടികളിൽ തളരാതെ പിടിച്ചു നിന്നവർ പുതിയ മേഖലയിൽ തഴച്ചു വളർന്നിട്ടുമുണ്ട്.
കോവിഡു മൂലം കോഴിവളർത്തലിൽ അഭയംതേടിയ നിരവധി പേരുണ്ടെന്ന് പറഞ്ഞുവല്ലോ. അവർക്ക് സഹായകമായ ഒരു ടിപ് ആയാണ്
ഇതെഴുതുന്നത്. ചെറിയ പൗൾട്ടറി യൂണിറ്റ് ആയാലും വലിയ പൗൾട്ടറി യൂണിറ്റ് ആയാലും സംരംഭകൻ നേടുന്ന ഒരു പ്രശ്നം ഫാമിൽ നിന്നും വമിക്കുന്ന ദുർഗന്ധം ആണ്. മുന്നൊരുക്കം ഇല്ലാതെ ജനവാസകേന്ദ്രങ്ങളിൽ പൗൾട്രി ഫാം തുടങ്ങിയാൽ അയൽപക്കക്കാരുടെ പരാതിപ്രളയം ഉണ്ടാകും. പൗൾട്രി ഫാം പൂട്ടി പോകേണ്ട ഗതി തന്നെ വന്നെന്നിരിക്കാം. വെളുക്കാൻ തേച്ചത് പാണ്ടായി മാറിയ അനുഭവമാകും സംരംഭകനെ കാത്തിരിക്കുന്നത് . അതുകൊണ്ട് കോഴികളെ വളർത്തുന്നതിന് മുമ്പ് തന്നെ കോഴിക്കൂടും പരിസരവും വൃത്തിയാക്കാനുള്ള കാര്യങ്ങൾ പഠിച്ചിരിക്കണം.
അനുഭവസ്ഥർ പറയുന്നത് ദുർഗന്ധം ഒഴിവാക്കാൻ ഏതുതരം ഫാം ആണെങ്കിലും ഈ. എം . സൊലൂഷൻ ഉപയോഗിക്കുക എന്നുള്ളതാണ്. വള കടകളിൽ കിട്ടിയില്ലെങ്കിൽ ഇത് ഓൺലൈൻ വഴി വാങ്ങാവുന്നതാണ്. കുറച്ച് വിലയുള്ളത് ആണെങ്കിലും ഇത് നേരിട്ട് ഉപയോഗിക്കുകയല്ല ചെയ്യുന്നത്.
ഒരു ലിറ്ററിൻറെ കുപ്പിയാണെങ്കിൽ 20 ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് എടുക്കണം. അതിൽ ഒരു ലിറ്റർ ശർക്കര ലായനി ചേർത്തിളക്കി 10 ദിവസമെങ്കിലും അടച്ചുവയ്ക്കണം. മൂന്നുമാസം വരെ മാത്രമേ ഈ ലായനിയുടെ ഗുണം നിലനിൽക്കുകയുള്ളൂ എന്നുള്ളതുകൊണ്ട് ഫാമിന്റെ വലിപ്പമനുസരിച്ച് വേണ്ട ലായനി മാത്രം തയ്യാറാക്കുക. ലായനി പുതിയ ബക്കറ്റിൽ തയ്യാറാക്കണം. സോപ്പിന്ടെ അംശം ഉള്ളത് ഉപയോഗിക്കാൻ പാടില്ല
കോഴികൂടിന് താഴെ കോഴി കാഷ്ടം വീഴുന്ന രീതിയിൽ കുറച്ച് ആഴത്തിൽ കുഴിയുണ്ടാക്കി വെക്കണം. കോഴിവളർത്തൽ ആരംഭിച്ചുകഴിഞ്ഞാൽ ഈ കുഴിയിലേക്ക് വീഴുന്ന കോഴി കാഷ്ടത്തിൽ ദിവസേന മേൽപ്പറഞ്ഞ ലായനി സ്പ്രേ ചെയ്യണം. തുടക്കത്തിൽ ആഴ്ചയിൽ എല്ലാ ദിവസത്തിലും ഇത് തുടരേണ്ടി വരും. പിന്നങ്ങോട്ട് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം ആവർത്തിച്ചാൽ മതി. കുഴിയിലെ മാലിന്യം അഞ്ചാറുമാസം നീക്കിയിലെങ്കിലും ദുർഗന്ധം ഉണ്ടാകില്ല എന്ന് ഉറപ്പാണ്.
കോഴിവളർത്തലിൽ പ്രാരംഭമായി ചെയ്യേണ്ട ഒരു കാര്യം മാത്രമാണ് ഇവിടെ പങ്കുവെച്ചത്. ഇത് കൂടാതെ കോഴികള്ക്ക് കൊടുക്കുന്ന തീറ്റ യെക്കുറിച്ചും അവക്ക് കൊടുക്കേണ്ട കുത്തിവെപ്പിനെ കുറിച്ചും അവയ്ക്ക് വ്യത്യസ്ത കാലാവസ്ഥകളിൽ വരാൻ സാധ്യതയുള്ള രോഗങ്ങളെക്കുറിച്ചും എല്ലാം പഠിക്കേണ്ടതുണ്ട്.
പരിചരണം മാത്രം പോരാ വിപണനവും പഠനവിഷയമാകേണ്ടതാണ്. അത്തരം കാര്യങ്ങളെ കുറിച്ച് ഇനിയുള്ള ലേഖനങ്ങളിൽ ചർച്ച ചെയ്യാമെന്ന് കരുതുന്നു. കേരള സർക്കാർ വളരെയധികം പദ്ധതികൾ ഈ രംഗത്ത് കൊണ്ടുവന്നിട്ടുണ്ട്. അതും വഴിയെ പറയുന്നുണ്ട്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
നെല്ല് സംഭരണത്തിൽ പൂർവ്വസ്ഥിതി തുടരാൻ സപ്ലൈകോ
റബ്ബർ കർഷകർക്ക് ആശ്വാസമായി റബ്ബറിന് വില 150 ലെത്തി
ഈ ചാർജിങ് സ്റ്റേഷനുകൾക്ക് അപേക്ഷ ക്ഷണിച്ചു
മാതൃഭൂമി സീഡിന്റെ വിത്ത് വിതരണം തുടങ്ങി
പ്ലസ് ടു വിദ്യാർത്ഥികൾക്ക് കൃഷിവകുപ്പിന്റ അംഗീകാരം
ഉത്തരവാദിത്വ ടൂറിസത്തിന്റ വാർഷികാഘോഷം
ഹൃദയാരോഗ്യത്തിന് ഗ്രീൻ ടീ ശീലമാക്കൂ...
തേനീച്ച വളർത്തലിന് സൗജന്യനിരക്കിൽ ഉപകരണങ്ങൾ
തെങ്ങ്കൃഷിയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും
Share your comments